കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു
കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്, യു.എൽ.സി.സി.എസ്.), മിനി (എച്ച്.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ, യു.കെ.). മരുമക്കൾ: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹിൽ), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ), നീതു (യു.കെ.).
