സ്‌കൂൾ കെട്ടിടം തകർന്നതിൽ മുൻ മന്ത്രി ശിവൻകുട്ടി മറുപടി പറയണം; കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടതായി മേയർ വി.വി. രാജേഷ്

  1. Home
  2. Kerala

സ്‌കൂൾ കെട്ടിടം തകർന്നതിൽ മുൻ മന്ത്രി ശിവൻകുട്ടി മറുപടി പറയണം; കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടതായി മേയർ വി.വി. രാജേഷ്

v v rajesh


അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂൾ വളപ്പിലെ സമഗ്ര ശിക്ഷാ കേരളയുടെ (SSK) ഓഫീസ് മുറിയുടെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. അപകടം നടന്ന സ്‌കൂൾ കെട്ടിടം സന്ദർശിച്ച ശേഷമാണ് മേയർ മുൻ മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

മൂന്ന് കോടി രൂപ പാഴാക്കിയെന്ന് മേയർ; കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു

വളരെ പഴയതും പൊളിച്ചുകളയേണ്ടതുമായ കെട്ടിടം പുതുക്കിപ്പണിയാനായി മുൻ മന്ത്രി വി. ശിവൻകുട്ടി മൂന്ന് കോടി രൂപ പാഴാക്കിയെന്ന് മേയർ വി.വി. രാജേഷ് ആരോപിച്ചു. ഇതിന് എന്തിനാണ് ഇത്രയും തുക ചെലവാക്കിയതെന്ന് മുൻ മന്ത്രി മറുപടി പറയണമെന്നും മേയർ ആവശ്യപ്പെട്ടു.

സംഭവത്തിൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടികൾ പഠിക്കുന്ന കെട്ടിടങ്ങൾ പരിശോധിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരുന്നതെന്നും, കോർപ്പറേഷൻ ഫിറ്റ്‌നസ് നൽകിയ കെട്ടിടങ്ങളെല്ലാം കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. പരിസര പ്രദേശങ്ങൾ പരിശോധിക്കേണ്ട കാര്യം നിർദ്ദേശത്തിൽ ഉണ്ടായിരുന്നില്ലെന്നും, ഇപ്പോൾ തകർന്നത് പരിസരത്തുള്ള കെട്ടിടമാണെന്നും പറഞ്ഞ മേയർ, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോടും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് കൂട്ടിച്ചേർത്തു.

ഫിറ്റ്‌നസ് പരിശോധിക്കണമെന്ന് വി. ശിവൻകുട്ടി; ആളപായമില്ലാത്തത് വലിയ ആശ്വാസം

അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവം അതീവ ഗൗരവകരമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അപകടസമയത്ത് സ്‌കൂളിൽ ആരും ഇല്ലാതിരുന്നതിനാലും എസ്.എസ്.കെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗമായിട്ടും ആളപായമോ പരിക്കുകളോ ഉണ്ടാകാത്തത് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും, കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. തകർന്ന കെട്ടിടത്തിന് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് കൃത്യമായി ഫിറ്റ്‌നസ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, സ്‌കൂൾ കെട്ടിടത്തിന്റെ ബലക്ഷയം മാത്രമല്ല, കോമ്പൗണ്ടിൽ കുട്ടികൾ എത്തിപ്പെടാൻ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളും അതീവ ശ്രദ്ധയോടെ പരിശോധിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

കുട്ടികളും അധ്യാപകരും ഇറങ്ങിയ ശേഷം വൈകീട്ട് ആറുമണിയോടെയാണ് അട്ടക്കുളങ്ങര ഹൈസ്‌കൂളിൽ അപകടമുണ്ടായത്. സംഭവത്തിൽ നിലവിലെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. തകർന്നത് നിലവിൽ കുട്ടികൾ പഠിക്കുന്ന സ്‌കൂൾ കെട്ടിടമല്ലെന്നും വർഷങ്ങൾക്ക് മുൻപ് സ്‌കൂളായി പ്രവർത്തിച്ചിരുന്ന വളരെ കാലപ്പഴക്കമുള്ള കെട്ടിടമാണെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ ഇത് എസ്.എസ്.കെയുടെ (മുൻപ് എസ്.എസ്.എ) ഓഫീസായാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് എവിടെയാണ് വീഴ്ച പറ്റിയതെന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, ഡി.ഡി.ഇയിൽ (DDE) നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.