കഴക്കൂട്ടത്ത് നാല് വയസ്സുകാരന്റെ മരണം: കൊലപാതകമെന്ന് സ്ഥിരീകരണം; അമ്മയെയും സുഹൃത്തിനെയും കൂടുതൽ ചോദ്യം ചെയ്യും
കഴക്കൂട്ടത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നാല് വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കസ്റ്റഡിയിൽ ഉള്ള അമ്മയുടെ സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗത്തേയും സുഹൃത്ത് തൻബീർ ആലത്തിനേയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുന്നി ബീഗത്തെയും ആൺ സുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
