നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്: സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു,മകളെ കൊലപ്പെടുത്തിയത് ഭർത്താവിന്റ കുടുംബം വിഷമിക്കുന്നത് കാണാൻ എന്ന് സന്ധ്യ

  1. Home
  2. Kerala

നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്: സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു,മകളെ കൊലപ്പെടുത്തിയത് ഭർത്താവിന്റ കുടുംബം വിഷമിക്കുന്നത് കാണാൻ എന്ന് സന്ധ്യ

KALYANI MURDER CASE


എറണാകുളത്ത് നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ സന്ധ്യയുടെ മൊഴി പുറത്ത്.മകളെ കൊലപ്പെടുത്തിയത് ഭർതൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് സന്ധ്യ പോലീസിനോട്. ഭർത്താവ് സുഭാഷിന്റേത് ആൺമക്കൾ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതൽ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സുഭാഷ് അറിയാതെ സന്ധ്യ അവരുടെ വീട്ടിൽ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ സുഭാഷ് ഇത് ചോദ്യം ചെയ്തിരുന്നു.തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടിൽ പറഞ്ഞിരുന്നു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തൽ.

സന്ധ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഉടൻ പൊലീസ് കോടതിയെ സമീപിക്കും.ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയിൽ ഹാജരാക്കിയത്. സന്ധ്യ നിലവിൽ കാക്കനാട് വനിതാ സബ് ജയിലിലാണ്.