സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തിങ്കളാഴ്ച രാവിലെ 8.30 മുതൽ; 3,125 കെഎസ്ആർടിസി ബസുകളിൽ പദ്ധതി ആരംഭിക്കും
സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി തിങ്കളാഴ്ച രാവിലെ 8.30 മുതൽ നിലവിൽ വരുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി പ്രത്യേക 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ജൂൺ 15 രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുക.
ടൗൺ ടു ടൗൺ സർവീസുകൾ ഉൾപ്പെടെ 'ഓർഡിനറി' എന്ന് രേഖപ്പെടുത്തിയ എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമാകും. എന്നാൽ സിറ്റി ഫാസ്റ്റ് ബസുകളിൽ ഈ ആനുകൂല്യം ബാധകമല്ല.പ്രത്യേക കാർഡ്, സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ എന്നിവയുടെ ആവശ്യമില്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത കെഎസ്ആർടിസിക്ക് മേൽ ചുമത്തില്ലെന്നും സർക്കാർ ഗ്രാന്റായാണ് തുക നൽകുകയെന്നും മന്ത്രി പറഞ്ഞു. പ്രതിദിനം രണ്ട് കോടിയിലധികം രൂപ ഇതിനായി ചെലവാകുമെന്നാണ് കണക്ക്. കൃത്യമായ ചെലവ് വിലയിരുത്തുന്നതിനായി സൗജന്യ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും സീറോ ടിക്കറ്റ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി ബസുകളിൽ പരസ്യങ്ങൾ അനുവദിക്കുന്നതും സ്‌പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള 58 ഗ്രാമവണ്ടികൾ 500 ആക്കി ഉയർത്തുന്നതിനും റൂട്ട് പഠനം നടത്തി പുതിയ സർവീസുകൾ ആരംഭിക്കുന്നതിനുമുള്ള നടപടികളും പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
