സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

  1. Home
  2. Kerala

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

udf


വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഭൂരിഭാഗം വാഗ്ദാനങ്ങളും ഉൾക്കൊള്ളിച്ചാണ് നയപ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണെന്നും യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ 'ധവളപത്രം' പുറപ്പെടുവിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും ഗവർണർ കൂട്ടിച്ചേർത്തു.

യുഡിഎഫ് മുന്നോട്ടുവെച്ച പ്രമുഖ 'ഇന്ദിരാ ഗ്യാരന്റികൾ' എല്ലാം തന്നെ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്', കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വിവിധ ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തൽ തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇതിലുണ്ട്. ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ കർശനമായ നടപടി സ്വീകരിക്കും. ഐടി വകുപ്പിന്റെ പേര് 'ഐടി ഫ്യൂച്ചർ ടെക്നോളജി ആൻഡ് സ്റ്റാർട്ടപ്പ്' എന്നാക്കി മാറ്റുമെന്നും കാർഷിക മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

നയപ്രഖ്യാപനത്തിലെ പ്രധാന നിർദ്ദേശങ്ങൾ:

  • സ്ത്രീ-വിദ്യാഭ്യാസ സൗഹൃദ പദ്ധതികൾ: കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ വിദ്യാഭ്യാസ സഹായം. വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി. വനിതാ കർഷകരെ ശാക്തീകരിക്കാൻ 'വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം' രൂപീകരിക്കും.
  • ആരോഗ്യവും സാമൂഹ്യക്ഷേമവും: ആധുനിക സംവിധാനങ്ങളോടെ കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ തലത്തിൽ വയോമിത്രം പദ്ധതിയും ഡിമൻഷ്യ ഡേ കെയറുകളും സ്ഥാപിക്കും. എല്ലാവർക്കും ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും.
  • കൃഷിയും തൊഴിലും: കൃഷി ലാഭകരമാക്കാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവിലയും മികച്ച സംഭരണ സംവിധാനവും ഏർപ്പെടുത്തും. യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ. യുവാക്കൾക്കായി നൈപുണ്യ വികസന പദ്ധതികൾ.
  • ഭൂമിയും റവന്യൂ വകുപ്പും: ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കമ്മീഷൻ. റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലാക്കും, പട്ടയവിതരണം കാര്യക്ഷമമാക്കാനും ഭൂനിയമങ്ങൾ പരിഷ്കരിക്കാനും നടപടി.
  • ഭക്ഷ്യസുരക്ഷയും പൊതുവിതരണവും: വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ കർശനമായി തടയും. സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവീകരിക്കും. മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർദ്ധിപ്പിക്കും.
  • തീരദേശ വികസനം: തീരദേശ മേഖലയുടെ സമഗ്ര പുരോഗതിക്കായി 'മിഷൻ സമുദ്ര' പദ്ധതി. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സഹായ പദ്ധതി.
  • ടൂറിസവും സംസ്കാരവും: ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി 'മലബാർ ടെംപിൾ പിൽഗ്രിം പ്രോജക്ട്' തീർത്ഥാടന ടൂറിസം. സമഗ്ര സിനിമ നയം രൂപീകരിക്കും, ഐഎഫ്എഫ്കെ (IFFK) കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും.
  • മറ്റ് പ്രധാന പരിഷ്കാരങ്ങൾ: സഹകരണ മേഖലയിലെ തട്ടിപ്പുകൾക്കെതിരെ കർശന നടപടി. എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരം. എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. സർവ്വകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിന് രൂപം നൽകും. വഖഫ് ബോർഡ് നവീകരിക്കും.