സൗജന്യ ബസ് യാത്ര പരാമർശം: മന്ത്രി സി.പി. ജോൺ മാപ്പ് പറയണമെന്ന് ആനി രാജ
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശത്തിനെതിരെ സി.പി.ഐ നേതാവ് ആനി രാജ രംഗത്ത്. പ്രിയദര്‍ശിനി സൗജന്യ യാത്ര വന്നതോടെ സ്ത്രീകള്‍ ബസുകളില്‍ തള്ളിക്കയറുകയാണെന്ന മന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. സ്ത്രീകള്‍ കൂടുതലായി പദ്ധതി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മന്ത്രിയില്‍ നിന്ന് ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സര്‍ക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും അവര്‍ വിമര്‍ശിച്ചു. പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണ് ഇത് പറയുന്നത്. എപിഎല്‍, ബിപിഎല്‍ എന്ന രീതിയിലുള്ള യാതൊരുവിധ മാനദണ്ഡങ്ങളും മുന്നോട്ടുവെച്ചിരുന്നില്ല. യാത്രാസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് നേരത്തെ കൃത്യമായ പഠനം നടത്തിയിരുന്നില്ല എന്നതിന് തെളിവാണ് പ്രസ്താവന എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി സംബന്ധിച്ച് മന്ത്രി സി.പി. ജോൺ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായത്. പൈസ ഇല്ലാത്ത ട്രാൻസ്പോർട്ട് ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യസ്കൂളുകളിൽ ചേർക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം
