സിഎംആർഎൽ കേസ് മുതൽ സൈബർ സുരക്ഷ വരെ; നിലപാട് വ്യക്തമാക്കി ഡിജിപി

  1. Home
  2. Kerala

സിഎംആർഎൽ കേസ് മുതൽ സൈബർ സുരക്ഷ വരെ; നിലപാട് വ്യക്തമാക്കി ഡിജിപി

image


സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്ത് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സർക്കാരിന്റെ തുടർനടപടിക്കായി കാത്തിരിക്കുകയാണെന്നും കത്തിൽ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഡിജിപി വ്യക്തമാക്കി. നിലവിൽ ഇക്കാര്യത്തിൽ പൊലീസ് തലത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും ഡിജിപി പ്രതികരിച്ചു. പ്രതികളെ വിലങ്ങണിയിക്കുന്നതിന് പൊലീസിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ കണ്ടുനിൽക്കില്ലെന്നും കൃത്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ഒമ്പത് പരാതികൾ ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ വീഡിയോ നീക്കം ചെയ്യണമെന്ന് മെറ്റയോട് പൊലീസ് ആവശ്യപ്പെട്ടതായും ഡിജിപി പറഞ്ഞു.

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് പാൻമസാല അടക്കമുള്ള തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎസ്സി അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പിഎസ്സി ആസ്ഥാനത്ത് നടത്തണമെന്ന ആവശ്യം പരിശോധിക്കുകയാണെന്നും നിയമപരമായ പ്രശ്‌നങ്ങളില്ലെന്നും ഭരണഘടനാപരമായ കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

അതേസമയം, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പൊലീസ് കോൺഫറൻസായ COCON ഒക്ടോബർ 6 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. ഡിജിറ്റൽ സുരക്ഷയിലെ പുതിയ സാധ്യതകൾ, സൈബർ തട്ടിപ്പുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ എന്നിവ കോൺഫറൻസിൽ ചർച്ചയാകും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനകൾ വ്യാപിപ്പിക്കുമെന്നും ഡിജിപി അറിയിച്ചു.