മുന്നണി മാറ്റം; കേരള കോൺഗ്രസ് (എം) ആദ്യം തീരുമാനം പറയട്ടെ; ശേഷം കോൺഗ്രസ് നിലപാട് വ്യക്തമാക്കും എന്ന് കെ.സി. വേണുഗോപാൽ
കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്കെന്ന വാർത്തകളിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് തിരികെ വരാൻ തീരുമാനിച്ചാൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കുമെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. അവർ തീരുമാനിക്കുമ്പോഴാണ് ഞങ്ങൾ തീരുമാനിക്കേണ്ട കാര്യമുള്ളു.നിലവിൽ തൻറെ അറിവിൽ ജോസ് കെ.മാണിയുമായിട്ട് ഹൈക്കമാൻഡ് ചർച്ച നടത്തിയിട്ടില്ല. അത്തരം ഔപചാരിക ചർച്ച ആരുമായിട്ടും നടത്തിയിട്ടില്ല എന്നും വേണുഗോപാൽ പറഞ്ഞു.
'യുഡിഎഫ് നല്ല വിജയ പ്രതീക്ഷയിൽ നിൽക്കുകയാണ്. വൻഭൂരിപക്ഷത്തിൽ വിജയിക്കും. ഈ സാഹചര്യത്തിൽ ആര് കൂടെച്ചേരാൻ ആഗ്രഹിച്ചാലും ചർച്ച ചെയ്യുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കേരള ജനത മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നു. 10 കൊല്ലമായി, മടുത്തു. അതിന്റെ സൂചനകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായി. വരും ദിവസങ്ങളിലുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു
