പട്ടത്ത് ഫർണിച്ചർ ഗോഡൗൺ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് ഉടമ
തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗൺ കത്തി നശിച്ചു. ജോയ് ഫർണിച്ചർ സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മെത്തകളും ഫർണിച്ചർ സാധനങ്ങളും ഉൾപ്പെടെ കത്തിനശിച്ചു.
രാവിലെ പത്തേകാലോടെ സമീപവാസികളാണ് ഗോഡൗണിൽ തീപിടിച്ചത് കണ്ടത്.അടുത്ത കെട്ടിടത്തിന്‍റെ ജനാലയിലേയ്ക്കും തീ പടര്‍ന്നു. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഇവിടെ താസിക്കുന്നത്. സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഓടി.
അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ഫർണിച്ചർ സാധനങ്ങളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും ഗുരുമന്ദിരത്തിലേക്കും തീ പടരുന്നത് അഗ്നിശമന സേന തടഞ്ഞു.
ആരോ തീയിട്ടതാണെന്ന് കടയുടമ ആരോപിച്ചു. 20 ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ കത്തി നശിച്ചെന്ന് കടയുടമ പറഞ്ഞു.സ്ഥലത്ത് നേരത്തെയും കടകൾക്ക് തീപിടിച്ച് നശിച്ചിട്ടുണ്ടെന്നും ഉടമ പറഞ്ഞു.എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമന സേന അറിയിച്ചു.
