നാലു വയസുള്ള കുട്ടിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി തേടി മാതാപിതാക്കൾ; സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനതല മൾട്ടി ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. മൂന്ന് മാസത്തിനുള്ളിൽ ശിശുരോഗവിദഗ്ധൻ അടക്കമുള്ള കമ്മിറ്റി രൂപീകരിക്കാനാണ് ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചിരിക്കുന്നത്. കുട്ടികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ ഈ സമിതിയുടെ അനുമതി തേടണമെന്നും കോടതി വ്യക്തമാക്കി.
ലിംഗമേതെന്ന് വ്യക്തമാകാത്ത നാല് വയസുള്ള കുട്ടിക്ക് ശസ്ത്രക്രിയക്ക് അനുമതി തേടി തലശേരി സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ജനിച്ചപ്പോൾ പെൺകുട്ടിയുടെ ജനനേന്ദ്രിയമായിരുന്നെങ്കിലും പിന്നീട് ഇതിന് രൂപമാറ്റം സംഭവിച്ചു. എന്നാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പെൺകുട്ടി എന്നാണുള്ളത്. എന്നാൽ നാല് വയസായതോടെ ജനനേന്ദ്രിയത്തിൽ ആൺകുട്ടികളുടെ ജനനേന്ദ്രിയമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മാറ്റമുണ്ടായി.
കുട്ടിയിൽ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെ ശസ്ത്രക്രിയ നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യമുന്നയിച്ചെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. കുട്ടിയെ പരിശോധിച്ചപ്പോൾ ഗർഭപാത്രവും അണ്ഡാശയവും ഉള്ളതായി കണ്ടെത്തി. ഇതോടെ കുട്ടിയെ പെൺകുട്ടിയായി ജീവിക്കാൻ അനുവദിക്കണമെന്നും, അതിനാൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
എന്നാൽ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ കോടതി ഉത്തരവ് ഹാജരാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് മാതാപിതാക്കൾ അഡ്വ. ടി പി സാജിദ് മുഖേന കോടതിയെ സമീപിച്ചത്. കേസിൽ അമിക്വസ് ക്യൂറിയെ നിയമിച്ച കോടതി മെഡിക്കൽ ബോർഡ് റിപ്പോർട്ടും തേടിയിരുന്നു. രണ്ട് മാസത്തിനുള്ളിൽ ഹർജിക്കാരുടെ കുഞ്ഞിന് ശസ്ത്രക്രിയ നടത്താനാണ് കോടതി നിർദ്ദേശം. കോടതിയ്ക്ക് മുന്നിൽ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടെത്തിയ അപൂർവം കേസുകളിലൊന്നാണിത്.