ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ജോർജ് കുര്യന്റെ പേര് ഒഴിവാക്കപ്പെട്ടു. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കുകയാണ്. 2024 ഓഗസ്റ്റിൽ കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.
മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി ഇത്തവണ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് കുര്യന് മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന വാർത്തകൾ ശക്തമായത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജോർജ് കുര്യൻ ജനവിധി തേടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2021-ൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകളാണ് കേന്ദ്രമന്ത്രിയായിരുന്നിട്ടും കുര്യന് നേടാനായത്.
നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.
