നറുക്കെടുപ്പ് വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണ്: എക്സൈസ്

  1. Home
  2. Kerala

നറുക്കെടുപ്പ് വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണ്: എക്സൈസ്

Reciept


ഓണക്കാലത്ത് ക്ലബ്ബുകളോ കലാ – സാംസ്കാരിക സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനമായി മദ്യം നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്സൈസ്. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണ്. പല സ്ഥലങ്ങളിലും ഓണക്കാലത്ത് ഇത്തരം കാര്യങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് എക്സൈസ് മുന്നറിയിപ്പ് നൽകിയത്.
സമ്മാനമായി മദ്യവുമുണ്ടെന്ന് കാട്ടി ശ്രദ്ധ നേടാനായി ചിലർ കൃത്രിമമായി തയാറാക്കുന്ന മത്സരകൂപ്പണുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ നോട്ടിസുകൾ കണ്ട് ആരും അനുകരിക്കരുതെന്നും എക്സൈസ് വ്യക്തമാക്കി.
മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നൽകുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ ലഭിക്കുക. പല രസീതുകളിലും മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ പരിശോധനയ്ക്ക് എക്സൈസിനു പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഓണക്കാലത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള എക്സൈസിന്റെ സ്പെഷൽ ഡ്രൈവ് ഓഗസ്റ്റ് 6ന് മുതൽ സെപ്റ്റംബർ 5 വരെ നടക്കും. ചില ലൈസന്‍സുള്ള സ്ഥാപനങ്ങളിൽ ഓണത്തിന്റെ ഭാഗമായി മദ്യ ഉപയോഗം വർധിപ്പിക്കാൻ പ്രത്യേക ആനുകൂല്യം നൽകി മദ്യവിൽപ്പന നടത്തുന്നത് പരിശോധിക്കണമെന്നും എക്സൈസ് കമ്മിഷണർ നിർദേശം നൽകി.