സ്വർ​ഗത്തിൽ പോകണം, യേശുവിനെ കാണണം'; എംഎം ലോറൻസിന്റെ ശബ്ദ സന്ദേശം ഉണ്ടെന്ന അവകാശ വാദവുമായി പെൺമക്കൾ

  1. Home
  2. Kerala

സ്വർ​ഗത്തിൽ പോകണം, യേശുവിനെ കാണണം'; എംഎം ലോറൻസിന്റെ ശബ്ദ സന്ദേശം ഉണ്ടെന്ന അവകാശ വാദവുമായി പെൺമക്കൾ

lorances


 


തന്റെ സംസ്കാരചടങ്ങുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച് അന്തരിച്ച സിപിഎം മുതിർന്ന നേതാവ് എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി പെൺമക്കൾ. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയിൽ എം എം ലോറൻസ് പറയുന്നുണ്ടെന്നാണ് മക്കളുടെ അവകാശ വാദം. മുഖം ഇല്ലാതെ ശബ്ദം മാത്രമുള്ള വീഡിയോ ആണ് പെൺമക്കൾ പുറത്ത് വിട്ടിരിക്കുന്നത്. 

2022 ഫെബ്രുവരി 25 ലാണ് എം എം ലോറൻസ് ഇക്കാര്യം പറഞ്ഞതെന്നും ഹൈക്കോടതിയിൽ ഈ വീഡിയോ കൈമാറി പുനഃപരിശോധന ഹർജി നൽകിയെന്നും പെൺമക്കൾ പറഞ്ഞു. സഹോദരൻ സമ്മതം ചോദിക്കാതെയാണ് മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാനുള്ള തീരുമാനം പാർട്ടി പിന്തുണയിൽ എടുത്തതെന്നും വാർത്താസമ്മേളനത്തിൽ പെൺമക്കൾ പറഞ്ഞു. എം എം ലോറൻസിന്റെ പെൺമക്കളായ സുജാതയും ആശയുമാണ് വാർത്താസമ്മേളനം നടത്തിയത്. മതാചാരപ്രകാരം സംസ്കരിക്കണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കൽ പഠനത്തിന് വിട്ട് നൽകിയിരുന്നു. 

സെപ്റ്റംബർ 21 നായിരുന്നു എംഎം ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.