ഭരണം ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച രീതിയിൽ ; ഗൺമാൻമാർ വന്നാൽ സമരം തീരില്ല; കെ സി വേണുഗോപാൽ
ഭരണ നിർവ്വഹണത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ് നവകേരള യാത്രയെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. എന്ത് ഭീകരമായിട്ടാണ് പ്രതിപക്ഷ വിദ്യാർഥികൾക്ക് നേരെയുള്ള മർദ്ദനം. ഗൺമാൻമാർ പിണറായിയുടെ സുരക്ഷയ്ക്കോ, തല്ലി തീർക്കാനോ? പ്രതിഷേധങ്ങളെ തല്ലിത്തീർക്കാൻ ഉള്ള സേനയാക്കി ഗൺമാൻമാരെ മാറ്റിയെന്നും വേണുഗോപാൽ വിമർശിച്ചു.
മന്ത്രിമാർ ഗൺമാൻമാരെ ന്യായീകരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച രീതിയിലാണ് ഭരണം. ഗൺമാൻമാർ വന്നാൽ സമരം തീരില്ല. തല്ലു കിട്ടിയതറിഞ്ഞപ്പോൾ ഇന്നലെ മുഖ്യമന്ത്രിക്ക് മന്ദസ്മിതം, ഇന്ന് മൗനം. നിയമപാലനം നടത്തേണ്ട പൊലീസുകാർ തല്ലുന്നവർക്ക് കാവൽ നിൽക്കുന്നു. സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് എന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.