ശിവശങ്കറിന്റെ നിർദേശം നടപ്പാക്കി; കെഫോൺ പദ്ധതിയിൽ സർക്കാരിന് 36 കോടി നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തൽ
ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഐഎഎസിന്റെ നിർദേശത്തെ തുടർന്ന് കെ ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്ഐടിഐഎൽ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ടിലൂടെ സർക്കാരിന് 36 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. പരിശോധനക്ക് വേണ്ടി കൂടുതൽ രേഖകൾ ഹാജരാക്കാൻ സിഎജി സർക്കാരിനോട് നിർദേശിച്ചു.
1531 കോടിരൂപയ്ക്കാണ് കെ ഫോൺ സേവനങ്ങൾക്കുള്ള ടെൻഡർ ബെല്ലിനു നൽകിയത്. കരാർ തുകയിൽ, സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ 10 ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. അഡ്വാൻസ് തുക പലിശ ഒഴിവാക്കി ബെല്ലിനു കൈമാറണമെന്ന് കെഎസ്ഐടിഎലിനു ശിവശങ്കർ നിർദേശം നൽകി.
ബെല്ലിന് അഡ്വാൻസായി തുക കൈമാറുമ്പോൾ ചട്ടപ്രകാരമുള്ള പലിശ നിരക്കിനെക്കുറിച്ച് പറയുന്നില്ലെന്നും, പലിശ എസ്ബിഐ നിരക്കിന്റെ 3% അധികമായി ഈടാക്കണമെന്നും കെഎസ്ഇബി പ്രതിനിധി 2018ൽ നിർദേശിച്ചു. ആദ്യഘട്ടത്തിലെ ബില്ലിൽതന്നെ ഇതു തിരിച്ചുപിടിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാൽ, കിഫ്ബിയിൽ നിന്ന് പണം അഡ്വാൻസായി കൈമാറുമെന്നും പലിശയുടെ കാര്യം അവർ പറഞ്ഞിട്ടില്ലെന്നും ഐടി സെക്രട്ടറി അറിയിച്ചതോടെ 2019 മാർച്ച് 9ന് ബെല്ലുമായി സേവന കരാറിൽ ഒപ്പിട്ടു.
2019 മേയ് 2ന് അഡ്വാൻസായി ബെൽ 109 കോടിരൂപ ആവശ്യപ്പെട്ടുകയും, ഓഗസ്റ്റിലും ഓക്ടോബറിലുമായി തുക കൈമാറുകയും ചെയ്തു. ബെല്ലുമായി ഉണ്ടാക്കിയ കരാറിൽ സർക്കാരിനു കിട്ടേണ്ട പലിശയെക്കുറിച്ചോ പലിശത്തുക ഈടാക്കുന്നതിനെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല. ഇതു സ്റ്റോർ പർച്ചേസ് മാന്വലിന്റെയും സെൻട്രൽ വിജിലൻസ് കമ്മിഷന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് സിഎജി ചൂണ്ടിക്കാട്ടി.
മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണെന്നും പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. കെ ഫോൺ ഡയറക്ടർ ബോർഡിന്റെ അനുതി ഇതിനായി വാങ്ങിയില്ല. കൃത്യമായ പലിശ ലഭിക്കാതെ വന്നതോടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായി.