നവകേരള സർവേ റദ്ദാക്കിയതിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകി സർക്കാർ
നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകി സർക്കാർ.സ്‌പെഷ്യൽ ലീവ് പെറ്റീഷനാണ് ഫയൽ ചെയ്തത്. ഹൈക്കോടതി വിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്. സർക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സർവേയെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്ന ചോദ്യവും അപ്പീലിൽ ഉയർത്തിയിട്ടുണ്ട്. സർവേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കൽ വിധി വന്നത്. 24 മണിക്കൂറിനുള്ളിലാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
പൊതുഖജനാവിൽ നിന്ന് പണം ചിലവഴിച്ച് സിപിഎം പാർട്ടി കാമ്പയിൻ നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മുബാസും കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി.
