സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ 7 ലക്ഷം; വയനാട് മെഡിക്കൽ കോളേജ് ഡോക്ടർ വിജിലൻസ് പിടിയിൽ

  1. Home
  2. Kerala

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ 7 ലക്ഷം; വയനാട് മെഡിക്കൽ കോളേജ് ഡോക്ടർ വിജിലൻസ് പിടിയിൽ

shivaprasad


സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സ്വകാര്യ ആശുപത്രിയിൽനിന്ന് വൻ തുക വാങ്ങി പ്രാക്ടീസ് നടത്തിവന്ന പ്രമുഖ ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.

മെഡിക്കൽ കോളേജ് ഡോക്ടർമാർ നിയമവിരുദ്ധമായി സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്നതായി കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം രോഗികളെന്ന വ്യാജേന എത്തിയാണ് മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഡോക്ടറെ പിടികൂടിയത്. വയനാട് മെഡിക്കൽ കോളേജിൽ നിന്ന് പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഡോ. ശിവപ്രസാദ്, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഏഴ് ലക്ഷം രൂപയാണ് മാസ ശമ്പളമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കവെയും സമാനമായ രീതിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടായിരുന്നതായും ആക്ഷേപമുണ്ട്.

സർക്കാർ ശമ്പളം കൈപ്പറ്റി നിയമവിരുദ്ധമായി സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്കെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനകളും തുടർനടപടികളും ഉണ്ടാകുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ ശംഭുനാഥ് കെ., സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ, അബ്ദുൽസലാം, സിവിൽ പോലീസ് ഓഫീസർമാരായ ശോജി, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഒളിഞ്ഞിരുന്ന് ഈ ഓപ്പറേഷൻ നടത്തിയത്.