ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; രാജ്ഭവന് ചീഫ് സെക്രട്ടറിയുടെ കത്ത്
അന്താരാഷ്ട്ര യോഗാദിന ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിൽ സംസ്ഥാന സർക്കാർ അതൃപ്തി അറിയിച്ചു. ഭരണപരമായ ഇത്തരം അവലോകന യോഗങ്ങൾ സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലയിൽ പെട്ടതാണെന്നും ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നും കാണിച്ച് ചീഫ് സെക്രട്ടറി രാജ്ഭവന് കത്ത് നൽകി.
മാധ്യമ വാർത്തകളിലൂടെയാണ് ഗവർണർ യോഗം വിളിച്ച വിവരം സർക്കാർ അറിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയപ്പോൾ, ഇത് പ്രത്യേക യോഗമായിരുന്നില്ലെന്നും യോഗാദിനവുമായി ബന്ധപ്പെട്ട ആശയവിനിമയം മാത്രമാണെന്നുമാണ് ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ ഔദ്യോഗികമായി അതൃപ്തി രേഖപ്പെടുത്തിയത്.
