സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്: പ്രവാസി തൊഴിൽ മേഖലയിൽ കേരളത്തിന് പുതിയ പ്രതീക്ഷകൾ

1980 മുതൽ കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നിർണ്ണായകമായ പങ്കുവഹിച്ചത് പ്രവാസി പണവരുമാനമായിരുന്നു എന്ന് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് . എന്നാൽ, കോവിഡിന് മുമ്പ് തന്നെ കേരളത്തിലേക്ക് മടങ്ങിവരുന്നവരുടെ എണ്ണം കൂടിത്തുടങ്ങി. ഈ സാഹചര്യത്തിൽ വിദേശ തൊഴിൽ അവസരങ്ങൾ പ്രോത്സാഹിപ്പിച്ച് നൈപുണ്യപരിശീലനവും ആശയവിനിമയവും സർക്കാർ മുന്നോട്ട് വെയ്ക്കുന്നു.
യു.കെ-യിലേക്ക് ബ്രിട്ടീഷ് കൗൺസിലുമായി സഹകരിച്ച് 2,700 നഴ്സുമാരെ പരിശീലിപ്പിച്ചതും, വിദേശ തൊഴിലവസരങ്ങൾക്ക് സർക്കാർ അടിത്തറ ഒരുക്കിയതും ഇതിൽ പ്രധാനമാണ്. ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും ചേർന്ന് നടപ്പിലാക്കിയ 'ട്രിപ്പിൾ വിൻ' പദ്ധതിയുടെ ആറു എഡിഷനുകൾക്ക് കീഴിൽ 1,462 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും, 610 പേർക്ക് ജർമനിയിൽ ജോലി ലഭിക്കുകയും ചെയ്തു.സർക്കാരിന്റെ ആസൂത്രിത ഇടപെടലുകൾ കേരളത്തിൻറെ ആഗോള തൊഴിൽ വിപണിയിലേക്കുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിൽ നിർണ്ണായകമായി മാറുന്നു.
വിദേശ തൊഴിൽ രംഗത്ത് പ്രധാനപ്പെട്ട നേട്ടങ്ങൾ:
യു.കെ, ജർമനി, കാനഡ, കുവൈത്ത്, സൗദി അറേബ്യ, മാലിദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് 1,920 പേർക്ക് നോർക്കാ റൂട്ട്‌സ് മുഖാന്തിരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി.വിദേശ ഭാഷകളിൽ പരിശീലനം നൽകുന്നതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജ് (NIFL) തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. കോട്ടയത്ത് പുതിയ കേന്ദ്രം ഉടൻ തുറക്കും.പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ ജില്ലാതലത്തിൽ നഴ്സിംഗ് കോളേജുകൾ മുഖേന നടത്തി.'ശുഭ യാത്ര' പദ്ധതി ആരംഭിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്ക് പരിശീലനത്തിനും ലൈസൻസിംഗ് പരീക്ഷകൾക്കുമുള്ള ചിലവിൽ സബ്‌സിഡി നൽകുന്നു.പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു.ഐ.ഐ.ഐ.എം (കോഴിക്കോട്) സഹകരണത്തോടെ അന്തർദേശീയ തൊഴിൽ മേഖലകളെക്കുറിച്ച് പഠനം നടത്തി.