ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു; യുവാവ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് മരിച്ചത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷിബിൻ മെഴ്സിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.
കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊല നടത്തിയെന്ന് സമീപവാസികളോട് പറഞ്ഞു. തുടർന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്ത് വച്ച് പോലീസ് പിടികൂടി.
മരണം സ്ഥിരീകരിച്ചിരുന്നില്ലാത്തതിനാൽ പൊലീസ് മെഴ്സിയെ ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ മരണം സംഭവിച്ചതായി പിന്നീട് സ്ഥിരീകരിച്ചു. മെഴ്സി മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു.
