ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

  1. Home
  2. Kerala

ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

gyanesh kumar


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള അഴിമതി ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെ.എസ്.ടി.പി (KSTP) പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്നും ആത്മഹത്യ ചെയ്ത പ്രോജക്ട് മാനേജരിൽ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലൻസ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി വെളിപ്പെടുത്തൽ നടത്തിയ ഉപകരാറുകാരൻ സാജനിൽ നിന്ന് തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് യൂണിറ്റ് ചൊവ്വാഴ്ച മൊഴിയെടുക്കും.

ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ 'പതി-ബെൽ' ഏറ്റെടുത്ത കെ.എസ്.ടി.പി റോഡ് പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകിയില്ലെന്നും, ഇതിനായി രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് സാജൻ ആരോപിച്ചത്. ബില്ലുകൾ ലഭിക്കാത്തതിനെ തുടർന്ന് കമ്പനിയുടെ പ്രോജക്ട് മാനേജരായിരുന്ന ലീ സി. ബിൻ ജീവനൊടുക്കാൻ കാരണം ഗ്യാനേഷ് കുമാറാണെന്നും സാജൻ വെളിപ്പെടുത്തിയിരുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെയും ലഭിച്ച നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. മുൻപ് നടത്തിയ അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിനെ വെള്ളപൂശാൻ ശ്രമിച്ചെന്നും സാജൻ ആരോപിച്ചിരുന്നു.