പാതിവില തട്ടിപ്പ്:ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ ക്രൈംബ്രാഞ്ച് മുഖേന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം പുനരാരംഭിക്കുമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ജോയിന്റ് വോളന്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്, മിത്രം ചാരിറ്റബിൾ ട്രസ്റ്റ്, കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്ടറി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തങ്ങൾ പാതിവില തട്ടിപ്പിന്റെ ഇരകളാണെന്നും, ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരായ അന്വേഷണം പുനരാരംഭിക്കേണ്ടതുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി കേസിൽ നിന്നു നീക്കിയ നടപടി നിയമപരമായ ക്രമങ്ങൾ പാലിക്കാതെയാണ് നടന്നതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നീക്കം നടന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് തേടാതെ നടപടികൾ നടന്നതിൽ ഹർജിക്കാർ ആശങ്ക ഉയർത്തി.അഭിഭാഷകനായ സുവിദത്ത് സുന്ദറമാണ് ഹർജിക്കാരെ പ്രതിനിധീകരിച്ച് കോടതിയെ സമീപിച്ചത്.