ചെന്താമരയുടെ പകക്ക് തൂക്കുകയർ; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം
കേരളം ഉറ്റുനോക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ഏക പ്രതി ചെന്താമരക്ക് തൂക്കുകയർ.കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.ചെന്താമര മാനസാന്തരപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്ന് കോടതി വിലയിരുത്തി.ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യത്തിന് അർഹമായ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
ഒരു കുടുംബത്തിലെ മൂന്നു പേരാണ് ചെന്താമരയുടെ പകക്ക് ഇരയായത്. അതിൽ ആദ്യത്തെ കൊലപാതകം 2019 ലായിരുന്നു.ആ കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്ന പ്രതിയാണ് ചെന്താമര.
2019 ഓഗസ്റ്റ് 31ആണ് അയൽവാസിയായ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത് . കേസിൽ വിചാരണ നടപടി നടന്നുകൊണ്ടിരിക്കെ ചെന്താമര ജാമ്യത്തിൽ ഇറങ്ങുകയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് നെന്മാറയിൽ എത്തുകയും 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരൻ,അമ്മ ലക്ഷ്മി അമ്മ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഈ കേസിലാണ് എപ്പോൾ പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് വിചാരണ വേളയിൽ കോടതി ചോദിച്ചപ്പോൾ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വേണ്ടി വന്നാൽ താൻ മറ്റുള്ളവരേയും കൊല്ലുമെന്നും പ്രതി പറഞ്ഞു. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാൽ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശനം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോർട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോൾ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി.
ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സുധാകരന്റെയും സജിതയുടെയും മക്കളായ
അതുല്യയും അഖിലയും, ബന്ധുക്കളും ഇപ്പോഴും ആ ആഘാതത്തിൽ നിന്നു മോചിതരായിട്ടില്ല. ഭയന്നാണു ജീവിതം എന്ന് അവർ പലതവണ അധികാരികളെ അറിയിച്ചിരുന്നു.കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു.കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു.
