തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് ചാടിയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി
തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിൽ കയറ്റി. സാമ്പിൾ മയക്കുവെടിയും പടക്കവും പ്രയോഗിച്ചതിന് പിന്നാലെയാണ് കുരങ്ങ് കൂട്ടിലേക്ക് തിരിച്ചെത്തിയത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി സമീപത്തെ മരത്തിൽ കയറിയത്. ഭക്ഷണം നൽകി കൂട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തിയിരുന്നു.
2023ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി നഗരത്തിലെത്തിയിരുന്നു. അന്ന് ഏറെ പരിശ്രമിച്ചാണ് കുരങ്ങിനെ തിരികെ മൃഗശാലയിലെത്തിച്ചത്.
