ഹരിപ്പാട്ട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം: മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ഹരിപ്പാട്ട് രണ്ടു വയസ്സുള്ള കുഞ്ഞ് പോഷകാഹാരക്കുറവ് മൂലം മരിച്ച ദാരുണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഹരിപ്പാടുള്ള കുട്ടിയുടെ വീട് നേരിട്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിലെ ദുരിതപൂർണ്ണമായ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടികളെ നേരത്തെ ഗാന്ധിഭവനിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും മാതാപിതാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് വിവരം അന്വേഷിക്കാനെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരോടും അങ്കണവാടി ജീവനക്കാരോടും മാതാപിതാക്കൾ തികഞ്ഞ നിസ്സഹകരണമാണ് കാണിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മരിക്കുമ്പോൾ കുഞ്ഞിന്റെ വയറ്റിൽ ആഹാരം ഉണ്ടായിരുന്നില്ലെന്ന പോസ്റ്റ്മോർട്ടം വിവരങ്ങൾ ഏറെ വേദനാജനകമാണ്. മിഷൻ വാത്സല്യ ഉൾപ്പെടെയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കും. അപകടകരമായ ചുറ്റുപാടുകളിൽ കഴിയുന്ന കുട്ടികളുടെ പട്ടിക പുനഃപരിശോധിക്കാൻ ഒക്ടോബർ 27-ന് ശിശുക്ഷേമ സമിതിയുടെ പ്രത്യേക യോഗം ചേരുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ജാഗ്രത ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
