ഹരിപ്പാട്ട് രണ്ടുവയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് നാട്ടുകാർ

  1. Home
  2. Kerala

ഹരിപ്പാട്ട് രണ്ടുവയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് നാട്ടുകാർ

IMAGE


ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും. രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രസവവേദനയെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം താരയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് ഇവർ മറ്റൊരു കുഞ്ഞിന് ജന്മം നൽകി. ഈ സമയം രാഹുൽ ഉൾപ്പെടെ അഞ്ച് കുട്ടികളും അച്ഛൻ രാജേഷുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ രാഹുൽ മരിച്ചുകിടക്കുകയാണെന്ന് രാജേഷ് മറ്റ് കുട്ടികളോട് അറിയിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കുടുംബത്തിലെ മറ്റൊരു ആൺകുട്ടിയും നേരത്തെ സമാന സാഹചര്യത്തിൽ മരിച്ചിരുന്നുവെന്നാണ് വിവരം. അന്ന് കുട്ടി കൈയിൽനിന്ന് താഴെ വീണാണ് മരിച്ചതെന്നാണ് കുടുംബം പറഞ്ഞതെന്ന് ജില്ലാ പഞ്ചായത്ത് അംഗം വ്യക്തമാക്കി. രണ്ട് ആൺകുട്ടികളുടെ മരണത്തിലുമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരും ജനപ്രതിനിധികളും സംശയങ്ങൾ ഉയർത്തുന്നത്. സംഭവത്തിൽ അന്ധവിശ്വാസങ്ങളോ പ്രത്യേക ആചാരങ്ങളോ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.