നീതിക്കായുള്ള ഹർഷിനയുടെ പോരാട്ടം ഇന്ന് നൂറാം ദിവസത്തിലേക്ക്; തിരുവോണത്തിന് പട്ടിണിസമരം നടത്തും

  1. Home
  2. Kerala

നീതിക്കായുള്ള ഹർഷിനയുടെ പോരാട്ടം ഇന്ന് നൂറാം ദിവസത്തിലേക്ക്; തിരുവോണത്തിന് പട്ടിണിസമരം നടത്തും

harshina


വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന സമരം തുടങ്ങിയിട്ട് ഇന്നേക്ക് നൂറ് ദിവസമാകും. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരപന്തലിൽ ഇന്ന് പട്ടിണി സമരം നടത്തുമെന്ന് ഹർഷിന അറിയിച്ചു. സമരസമിതി അംഗങ്ങളും ഹർഷിനയോടൊപ്പം പട്ടിണി സമരത്തിനുണ്ടാവും. സമരപ്പന്തലിൽ നടൻ ജോയ് മാത്യുവും പിന്തുണയുമായി എത്തുമെന്നാണ് വിവരം.

സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണ്ണ തൃപ്തയാണെന്ന് ഹർഷിന പറഞ്ഞിരുന്നു. "സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം പൂർത്തിയാക്കി എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയ‍ർമാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർ‌ട്ട് എത്രയും പെട്ടന്ന് സമർപ്പിക്കാമെന്ന് എസിപി ഉറപ്പ് നൽകി. അടുത്ത സിറ്റിം​ഗിന് റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്"- ഹർഷിന വ്യക്തമാക്കി.

"കുറ്റപത്രം സമർപ്പിച്ചാൽ ആരാണ് കുറ്റവാളികളെന്ന് തെളിയും. അതിന് ശേഷം കോടതിയിൽ പോകും. മെഡിക്കൽ ബോർഡ് അന്വേഷണത്തിലെ വിശ്വാസം നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ ബോർഡിന്റെയും മുഴുവൻ അന്വേഷണങ്ങളും അവ‍ർക്ക് അനുകൂലമായതും തങ്ങളെ അവഗണിക്കുന്നതുമാണ്. ഞങ്ങൾ പറയുന്നത് സത്യമല്ല എന്ന രീതിയിലാണ് അവരുടെ റിപ്പോർട്ട്. സത്യമെന്താണെന്ന് തനിക്കും സമൂഹത്തിനും അറിയാം"- ഹർഷിന പറഞ്ഞു.