ഫോർട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമർശം: യു.പി സ്വദേശിയായ യൂട്യൂബർക്ക് മുൻകൂർ ജാമ്യം
ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ യൂട്യൂബർ അമൃത് സിങ്ങിന് മുൻകൂർ ജാമ്യം.
എറണാകുളം സെഷൻസ് ജഡ്ജ് കെ. കെ. ബാലകൃഷ്ണനാണ് അമൃത് സിങ്ങിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഉചിതമായ ജാമ്യവ്യവസ്ഥകൾ പ്രോസിക്യൂഷന്റെ ആശങ്കകൾ പരിഹരിക്കാൻ മതിയാകുമെന്നും കോടതി നിരീക്ഷിച്ചു. നവംബർ 17-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 24-നാണ് ഫോർട്ട് കൊച്ചി പോലീസ് അമൃത് സിങ്ങിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഫേയിൽ ബീഫ് വിളമ്പുന്നതും പ്രദേശത്തെ ഇസ്ലാമിക അന്തരീക്ഷത്തെക്കുറിച്ചും പ്രതിപാദിച്ച് ഇയാൾ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വിവാദമായിരുന്നു. യാത്രയ്ക്കിടയിലുള്ള വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമായിരുന്നു വീഡിയോ എന്ന പ്രതിഭാഗം വാദം പരിഗണിച്ചാണ് കോടതി വ്യവസ്ഥകളോടെ ജാമ്യം നൽകിയത്.
