'കണ്ണട ഉപേക്ഷിച്ചോ'? മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിയോടെ പിണറായി വിജയന്റെ മറുപടി
പതിവു ശൈലിയിൽ നിന്നും മാറി കണ്ണടയില്ലാത്ത പുതിയ ലുക്കിൽ വാർത്താസമ്മേളനത്തിനെത്തി മാധ്യമപ്രവർത്തകരെ അമ്പരപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ 'കണ്ണട ഉപേക്ഷിച്ചോ' എന്ന ചോദ്യത്തിന്, ഇനി കണ്ണട വേണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി നൽകി. അടുത്തിടെ കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയിരുന്നെന്നും, പരിശോധനയ്ക്ക് ശേഷം ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് ഡോക്ടർ നിർദേശിച്ചതിനാലാണ് അത് പൂർണ്ണമായി മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വി.ഡി. സതീശൻ സർക്കാരിന് ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എൽ.ഡി.എഫ് ഭരണകാലത്ത് ആരോഗ്യമന്ത്രി നേരിട്ട് ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതെങ്കിൽ, നിലവിലെ യു.ഡി.എഫ് സർക്കാരിൽ അത്തരം ഗൗരവമായ സമീപനം കാണാനില്ലെന്ന് അദ്ദേഹം വിമർശിച്ചു. നിപ കൺട്രോൾ റൂമിൽ നിന്ന് ജനപ്രതിനിധികളെ അകറ്റി നിർത്തുന്നതും, ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയതും മികച്ച ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസമായിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞു കിട്ടാത്തതിലും പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തി. താൻ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസ് വേഗത്തിൽ ഒഴിഞ്ഞിട്ടും, വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് തരാത്തതിനാലാണ് എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
