ഡ്രൈവിങ് ലൈസൻസിന് 'ഹസാഡ് ടെസ്റ്റ്' കൂടി; ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. ലേണേഴ്‌സ് പരീക്ഷയ്ക്ക് ശേഷം അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനുള്ള ശേഷി പരിശോധിക്കുന്ന 'ഹസാഡ് ടെസ്റ്റ്' കൂടി ഇനി പാസാകണം. വരുന്ന ഡിസംബർ ഒന്നുമുതൽ പുതിയ പരിഷ്കാരം നിലവിൽ വരും.
ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിതമായി ഈ പരീക്ഷ നടക്കുക. വീഡിയോ ഗെയിം മാതൃകയിൽ തയാറാക്കിയ പത്ത് വീഡിയോകളാണ് പരീക്ഷയിലുണ്ടാവുക. ദൃശ്യങ്ങൾ പ്ലേ ചെയ്യുന്നതിനിടെ ഉയർന്നുവരുന്ന അപകടസാഹചര്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് മറികടക്കുകയാണ് വേണ്ടത്. നൂറിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ തുടർന്ന് ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാനാകൂ.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനുമാണ് പുതിയ രീതി നടപ്പാക്കുന്നതെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തിയതോടെ ലൈസൻസ് നടപടികൾ കൂടുതൽ കർശനമാകും.
