'സ്വകാര്യമായി മൊബൈലിൽ അശ്ലീലവീഡിയോ കാണുന്നത് കുറ്റമല്ല'; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

  1. Home
  2. Kerala

'സ്വകാര്യമായി മൊബൈലിൽ അശ്ലീലവീഡിയോ കാണുന്നത് കുറ്റമല്ല'; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

hc kerala


മൊബൈല് ഫോണിൽ സ്വകാര്യമായി അശ്ലീല വീഡിയോയോ ചിത്രമോ കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റമായി മാറുകയുള്ളുവെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി. രാത്രിയിൽ റോഡരികിൽനിന്ന് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിന് എറണാകുളം കറുകുറ്റി സ്വദേശിക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മറ്റാരും കാണാതെ സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോ എന്നതാണ് കോടതി പരിശോധിച്ചത്. അശ്ലീലസാഹിത്യം നൂറ്റാണ്ടുകളായി നിലവിലുണ്ട്. ഡിജിറ്റൽ യുഗത്തിൽ അവ ഫിംഗൾടിപ്പ്സിൽ ലഭിക്കുന്ന അവസ്ഥയിലെത്തി. അശ്ലീല വീഡിയോ കാണുക എന്നത് സ്വകാര്യമായ തിരഞ്ഞെടുപ്പാണ്. അതിൽ ഇടപെടുന്നത് സ്വകാര്യതയിലേയ്ക്കുള്ള നുഴഞ്ഞുകയറ്റമാകും. അതിനാൽ അതിനെ കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹർജിക്കാരൻ ആലുവയിൽ രാത്രിയിൽ റോഡരികിൽനിന്ന് അശ്ലീല വീഡിയോ കാണുമ്പോഴാണ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് പിടികൂടിയത്. തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തു. ഇത് റദ്ദാക്കണം എന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.