അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

  1. Home
  2. Kerala

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

RAHUL MANKOOTTATHIL


ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ബംഗളൂരു സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ ബലാത്സംഗക്കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്.

ഈ മാസം 17-ന് രാഹുല്‍ തന്നെ വാട്‌സാപ്പ് കോളിലൂടെ ബന്ധപ്പെട്ടുവെന്ന് അതിജീവിത പോലീസിന് പരാതി നൽകിയിരുന്നു. പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്നും അവരുമായി യാതൊരു തരത്തിലും ബന്ധപ്പെടരുതെന്നുമുള്ള കര്‍ശന ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി, ഈ മാസം 27-ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് അയച്ചു.

വിവാഹവാഗ്ദാനം നല്‍കി 2023-ൽ ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ബംഗളൂരുവിൽ താമസിക്കുന്ന 23-കാരിയുടെ പരാതി. കേസിൽ കഴിഞ്ഞ ദിവസം യുവതി നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നൽകിയിരുന്നു.