എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ല; തോൽവിയിൽ വിഷമമുണ്ട്: രമ്യ ഹരിദാസ്

  1. Home
  2. Kerala

എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ല; തോൽവിയിൽ വിഷമമുണ്ട്: രമ്യ ഹരിദാസ്

remya


ചേലക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംപി രമ്യ ഹരിദാസ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് 2021ല്‍ നേടിയ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചെന്നും അത് ചെറിയൊരു പ്രവര്‍ത്തനമല്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. തോല്‍വിയില്‍ ദുഖമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ലെന്നും കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നത് വിശദീകരിച്ചതാണെന്നും രമ്യ പറഞ്ഞു. 1,87,000 രൂപ കിട്ടിയിട്ടും പട്ടിണി മാറാത്തവള്‍ എന്ന സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം വേദനിപ്പിച്ചു. വ്യക്തിപരമായി പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും രമ്യ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി.

പ്രചരണ രംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.

ആലത്തൂർ ലോകസഭ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നു എന്ന് ഓർക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരിൽ നമ്മൾ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ, നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20000 വോട്ടായിരുന്നു.

ചേലക്കര ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നായിരുന്നു ഞാനടക്കം നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനു മുമ്പ് തന്നെ നമുക്ക് ചേലക്കരയുടെ കണക്കുകൾ കൃത്യമായി അറിയാം. എല്ലാ പഞ്ചായത്തിലും ഇടതുപക്ഷത്തിന് കൃത്യമായ മുൻതൂക്കവും സംഘടനാ സംവിധാനവും ഉള്ള ഒരു മണ്ഡലമാണ് ചേലക്കര. അവിടെ കടന്നു കയറണമെങ്കിൽ പ്രത്യേകിച്ച് ഒരു ഉപതിരഞ്ഞെടുപ്പിൽ ഭരിക്കുന്ന സർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളെയും ഉപയോഗിക്കുന്ന ഈ സമയത്ത് കഠിനമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണ സഹായങ്ങളും ചേലക്കരയിൽ എത്ര ശക്തിയായി പ്രവർത്തിച്ചു എന്നതും നമ്മൾ കണ്ടതല്ലേ.

എന്നിട്ടും, ചേലക്കരയിലെ പ്രവർത്തകരുടെയും ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ 2021ലെ നിയമസഭ തെരെഞ്ഞെടുപ്പിലെ 40000 ഓളം വരുന്ന ഭൂരിപക്ഷം 12000 വോട്ടുകളിലേക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചു. അത്തരം ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ പ്രവർത്തനമല്ല എന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തൽ.