കൈകാണിച്ചിട്ട് നിര്‍ത്തിയില്ല; കാര്‍ കുറുകെ ഇട്ട് കെഎസ്‌ആര്‍ടിസിയുടെ മിന്നല്‍ ബസിനെ ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

  1. Home
  2. Kerala

കൈകാണിച്ചിട്ട് നിര്‍ത്തിയില്ല; കാര്‍ കുറുകെ ഇട്ട് കെഎസ്‌ആര്‍ടിസിയുടെ മിന്നല്‍ ബസിനെ ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

ksrtc


കാസര്‍കോട്ടുനിന്ന് കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിനെ ആക്രമിച്ച മൂന്നുപേരെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.രാമന്തളി എട്ടിക്കുളത്തെ അബ്ദുറഷീദിന്റെ മകന്‍ ഹംസ മുട്ടുവന്‍ (19), കുന്നുംകൈയിലെ ദിനേശന്റെ മകന്‍ ദീപക് ദിനേശന്‍ (23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസില്‍ എ.കെ. രവിയുടെ മകന്‍ കെ.ആര്‍. പ്രവീണ്‍ (23) എന്നിവരെയാണ് നീലേശ്വരം എസ്‌.ഐ മധുസൂദനന്‍ മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.45ഓടെ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലാണ് കെ.എല്‍ 15 എ 2159 നമ്പർ  കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിന് നേരെ ആക്രമണമുണ്ടായത്.

കാസര്‍കോട്ടു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി മിന്നല്‍ ബസിന് ഇവര്‍ കാഞ്ഞങ്ങാട് സൗത്തില്‍ കൈ കാണിച്ചിരുന്നു. എന്നാല്‍, ജില്ലകളില്‍ ഒരു സ്‌റ്റോപ്പ് മാത്രം നിശ്ചയിച്ചിരിക്കുന്ന ബസ് നിര്‍ത്തിയില്ല.

തുടര്‍ന്ന് ബസിന്  കുറുകെ കാര്‍ നിര്‍ത്തിയിട്ട് കുപ്പി കൊണ്ടും കല്ലുകൊണ്ടും എറിഞ്ഞു. . മിന്നല്‍ ബസ്സാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞെങ്കിലും, കൈനീട്ടിയാല്‍ നിര്‍ത്തണമെന്നായിരുന്നു ഇവരുടെ വാദം. സംഭവത്തില്‍ കെഎസ്‌ആര്‍ടിസി പരാതി നൽകി. പിന്നീട് ഇവരെ പോലീസ് അറസ്റ്റു ചെയ്തു.