പോളിങ് സമയം കഴിഞ്ഞിട്ടും ബൂത്തിൽ പ്രവേശിച്ചു; ഷാനിമോൾ ഉസ്മാനെതിരെ കേസ്
അരൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. വോട്ടെടുപ്പ് ദിവസം പോളിങ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തിനുള്ളിൽ പ്രവേശിച്ചതിനാണ് നടപടി. പെരുമ്പളം ഗവ. സൗത്ത് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പൂച്ചാക്കൽ പൊലീസ് കേസ രജിസ്റ്റർ ചെയ്തത്.
വൈകുന്നേരം ആറുമണിക്ക് ശേഷവും വോട്ട് ചെയ്യാൻ വരി നിന്നവർക്ക് സ്ലിപ്പ് നൽകുന്ന സമയത്താണ് ഷാനിമോൾ ഉസ്മാൻ അവിടെയെത്തിയത്. അകത്ത് കയറണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും നിയമപരമായി സ്ഥാനാർത്ഥിക്കോ പ്രതിനിധികൾക്കോ അതിന് സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതേത്തുടർന്ന് സ്കൂളിന് മുന്നിൽ സ്ഥാനാർത്ഥി മൂന്ന് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കി. പിന്നീട് കളക്ടറുടെ ഇടപെടലിലൂടെയാണ് ഇവർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രതിനിധികൾക്ക് അകത്ത് പ്രവേശിക്കാൻ അനുമതി നൽകിയത്. ഷാനിമോൾ ഉസ്മാന് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
