കേരളത്തില്‍ മൂന്നാമതും എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നവരില്‍ ഒന്നാമന്‍ ശശി തരൂര്‍: എം വി ഗോവിന്ദന്‍

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നവരില്‍ ഒന്നാമത്തെയാള്‍ ഡോക്ടര്‍ ശശി തരൂര്‍ എംപിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ടാമത്തെയാള്‍ മുല്ലപ്പള്ളി രാമചന്ദ്രനും, മൂന്നാമത്തെയാള്‍ കോണ്‍ഗ്രസുകാര്‍ ആകെത്തന്നെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അധികാരത്തില്‍ വരുന്നതിനപ്പുറം കേരളത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെ വ്യവസായ വളര്‍ച്ച സംബന്ധിച്ച നിലപാടില്‍ മാറ്റവുമായി ശശി തരൂര്‍ രംഗത്തെത്തി. കേരളം വ്യവസായ സൗഹൃദം എന്ന പ്രസ്താവനയിലാണ് നിലപാട് മാറ്റം. അവകാശവാദങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തിന് ആവശ്യമാണ്. പേപ്പറില്‍ മാത്രം ഒതുങ്ങാതെ നടപ്പാക്കണം എന്നും ശശി തരൂര്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ സാചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത് – അദ്ദേഹം വ്യക്തമാക്കുന്നു.
എക്‌സ് പോസ്റ്റിലൂടെയാണ് ശശി തരൂര്‍ നിലപാട് തിരുത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ പത്രവാര്‍ത്ത കൂടി ഷെയര്‍ ചെയ്താണ് തരൂരിന്റെ പോസ്റ്റ്. ഹൈക്കമാന്റും കേരള നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം. വ്യവസായവകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വളര്‍ച്ചാ കണക്ക് ശരിയല്ലെന്ന പാര്‍ട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു.