നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത മൃതദേഹം: മുൻപ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന് കണ്ടെത്തൽ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
കാസർകോട് നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ കരയ്ക്കടിഞ്ഞ പുരുഷന്റെ മൃതദേഹവുമായി ബന്ധപ്പെട്ട ദുരൂഹതകൾ കൂടുതൽ ശക്തമാകുന്നു. മൃതദേഹം മുൻപ് മറ്റൊരിടത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കിയതാണെന്ന നിർണായക വിവരമാണ് അന്വേഷണത്തിൽ പുറത്തുവന്നത്.
ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും അസാധാരണമായ മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ്, ഇവ മുൻപ് പോസ്റ്റ്‌മോർട്ടത്തിന്റെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ, ഈ പോസ്റ്റ്‌മോർട്ടം കേരളത്തിൽ നടത്തിയതാകാൻ സാധ്യതയില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന.
മൃതദേഹത്തിന് തല ഇല്ലാത്തതിനാൽ പ്രായവും മറ്റും അനുമാനിക്കാൻ സാധിച്ചിട്ടില്ല. പൂർണമായും ജീർണിച്ച നിലയിലുള്ള മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ ഡി.എൻ.എ. പരിശോധന നടത്താനും അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുമാണ് കാസർകോട് ടൗൺ പോലീസിന്റെ തീരുമാനം
