അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; ആലപ്പുഴയിലും കോട്ടയത്തും ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരു ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതിനുപുറമേ, വിവിധ ജില്ലകളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- ഓറഞ്ച് അലർട്ട്: ആലപ്പുഴ, കോട്ടയം
- യെല്ലോ അലർട്ട്: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
