വയനാട്ടിൽ കനത്ത മഴ തുടരുന്നു: ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ നിർദ്ദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറണമെന്നും കലക്ടർ അറിയിച്ചു.
മഴയുമായി ബന്ധപ്പെട്ട് അപകട സാധ്യത ഉള്ള മരങ്ങൾ വീടിനും കെട്ടിടങ്ങൾക്കും മുകളിലായി നിലകൊണ്ടിട്ടുണ്ടെങ്കിൽ ഉടൻ വെട്ടിമാറ്റണം. റോഡുകൾക്കരികിലായി അപകടാവസ്ഥയിലുള്ള മരങ്ങളുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരം അധികൃതരെ അറിയിക്കണം. മലമുകളിലുള്ള പ്രദേശങ്ങളിലൂടെയും മറ്റും യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്.
പുഴകളും തോട്ടുകളും വെള്ളം നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ ആ പ്രദേശങ്ങളിലേക്കയക്കരുതെന്നും, മുതിർന്നവർ ഉൾപ്പെടെ മീൻപിടിത്തം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. മണ്ണെടുത്ത സ്ഥലങ്ങളിലും പുഴയുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രതയോടെ തുടരണമെന്ന് നിർദ്ദേശമുണ്ട്.
അടിയന്തര സാഹചര്യത്തിൽ സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും, കാറ്റിൽ മരങ്ങൾ വീഴുകയോ ഇലക്ട്രിക് ലൈൻ പൊട്ടുകയോ ചെയ്താൽ ഉടൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും കലക്ടർ പറഞ്ഞു. അത്തരം അപകടസ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കുകയും, സുരക്ഷ ഉറപ്പാക്കാനായി വീടുകളും കിണറുകളും ചുറ്റുമതിലുകളും പരിശോധിക്കുകയും ചെയ്യണം.
ജില്ലയിൽ മഴയെ തുടർന്ന് രൂപപ്പെട്ട സാഹചര്യം നിരന്തരം വിലയിരുത്തിവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സംയുക്തമായി ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കലക്ടർ വ്യക്തമാക്കി.