കനത്ത മഴ തുടരുന്നു; വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വയനാടിന് പുറമെ കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 204 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ശക്തമായ പടിഞ്ഞാറൻ കാറ്റും ന്യൂനമർദ പാത്തിയും മഴ ശക്തമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
