കനത്ത മഴ: ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
പ്രതികൂല കാലാവസ്ഥയും ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു.
ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യവും വിദ്യാർഥികളുടെ സുരക്ഷയും പരിഗണിച്ചാണ് തീരുമാനം. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധിയുണ്ടാകില്ല.
അതേസമയം, കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നതുവരെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
