കേരളത്തിൽ കനത്ത മഴ: പുഴകളിൽ കുത്തൊഴുക്ക്, അപകടങ്ങൾ വർധിക്കുന്നു

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പല നദികളിലും ജലനിരപ്പ് അപകടകരമായി ഉയരുന്നു. പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു .കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനും അപകടത്തിൽ പെട്ടു. ഇന്നലെ ആലപ്പുഴ കടലിൽ കാണാതായ 15കാരന്റെ മൃതദേഹം ഇന്ന് കരക്കടിഞ്ഞു.
പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാസപറമ്പിൽ സ്വദേശികളായ അമ്മയും കുഞ്ഞുമാണ് പുഴയിൽ അകപെട്ടത്. രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇരുവരെയും മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ സാദത്തിന്റെ മകൻ സുൽത്താനാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ തുടരുകയാണ്.
ആലപ്പുഴയിൽ ഇന്നലെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോൺ (15) ന്റെ മൃതദേഹം ഇന്ന് പുലർച്ചെ പുറക്കാട് തീരത്ത് അടിഞ്ഞു. ഇന്നലെ വൈകുന്നേരം ആണ് എട്ടുപേര് അടങ്ങുന്ന സംഘം കടലിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഏഴ് വിദ്യാർഥികൾ രക്ഷപ്പെട്ടിരുന്നു
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.