സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 5 ജില്ലകളിൽ റെഡ് അലർട്ട്
കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ കാലവർഷ സീസണിലെ ആദ്യ റെഡ് അലർട്ടാണിത്. മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് തുടരാനാണ് സാധ്യത.മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ജില്ലകളിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ശക്തമായ കാറ്റിനെയും മോശം കാലാവസ്ഥയെയും തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്
കരമനയാറ്റിലെ വെള്ളൈക്കടവ് സ്റ്റേഷനിലും മണിമലയാറ്റിലെ കല്ലൂപ്പാറ സ്റ്റേഷനിലും പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
