സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശങ്ങളിൽ അതീവ ജാഗ്രത
കേരളത്തിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഈ മാസം 29 വരെ കേരളത്തിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
കള്ളക്കടൽ പ്രതിഭാസം: തീരങ്ങളിൽ കനത്ത ജാഗ്രത
കള്ളക്കടൽ പ്രതിഭാസത്തിന്റെ (Swell Surge) ഭാഗമായി കേരളത്തിലെയും കന്യാകുമാരിയിലെയും തീരങ്ങളിൽ നാളെ രാവിലെ 5.30 മുതൽ മേയ് 28 രാത്രി 11.30 വരെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ 0.7 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ശ്രദ്ധ പുലർത്തണം.
മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
