വയനാട്ടിൽ കനത്ത മഴ: 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; നാല് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  1. Home
  2. Kerala

വയനാട്ടിൽ കനത്ത മഴ: 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; നാല് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

heavy rain


വയനാട്ടിലും കോഴിക്കോട്ടും ശക്തമായ മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറുകയും ചെയ്തു. വയനാട് ജില്ലയിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെണ്ണിയോട് റോഡ് ഒലിച്ചുപോയി. 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകിവീണ് ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലഗൽ പാതയിലുൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. കോഴിക്കോട് താലൂക്കിൽ രണ്ടും വടകര താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. ആകെ 88 പേരാണ് ക്യാമ്പുകളിലുള്ളത്. 60 വീടുകൾ ഭാഗികമായി തകർന്നു. മരംവീണും വെള്ളംകയറിയും ഗതാഗതം തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഡാം ഷട്ടർ തുറന്നു. അതോടെ കുറ്റ്യാടിപ്പുഴയിലേക്ക് വെള്ളം എത്തിത്തുടങ്ങി. പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയുടെ തീരത്ത് വിവിധഭാഗങ്ങളിൽ വെള്ളപ്പൊക്കഭീഷണിയുണ്ട്.

കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ
ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരാനാണ് സാധ്യത. കാടുകളും പുഴകളും സമീപമുള്ളവർ അധിക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.