പത്തനംതിട്ടയിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; തിരുവല്ലയിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
പത്തനംതിട്ട ജില്ലയിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. വനമേഖലകളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണെന്നും തിരുവല്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
റാന്നിയിലും ആറന്മുളയിലും വെള്ളം കുറഞ്ഞുവരുന്നുണ്ടെങ്കിലും അവിടങ്ങളിൽ നിന്നുള്ള വെള്ളം തിരുവല്ലയിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ടോറസ് വാഹനങ്ങൾ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം,മഴക്കെടുതിയും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി. കോഴഞ്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ആറന്മുള, റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രി സന്ദർശിച്ചു.ജില്ലയുടെ പുനരധിവാസത്തിനും അതിജീവനത്തിനും പ്രത്യേക പരിഗണന നൽകുമെന്നും നദികളിലെ മണ്ണും മാലിന്യവും നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
