കോട്ടയത്ത് കനത്ത മഴ നാശം വിതച്ചു: പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും അടിയന്തര ദുരിതാശ്വാസം, കൺട്രോൾ റൂം തുറക്കും
കനത്ത മഴയിൽ രൂക്ഷമായ നാശനഷ്ടമുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായവും സർക്കാറിന്റെ പൂർണ സംരക്ഷണവും ലഭ്യമാക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
നഷ്ടം നേരിട്ട വ്യാപാരികൾക്കും കർഷകർക്കും സഹായം ലഭ്യമാക്കുന്നതിനൊപ്പം മുൻകാലങ്ങളിലെ കുടിശ്ശിക നഷ്ടപരിഹാരത്തുകയും വിതരണം ചെയ്യും. ഈരാറ്റുപേട്ടയിൽ ഉടൻ പ്രത്യേക കൺട്രോൾ റൂം തുറക്കാനും ദുരിതബാധിതരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാനും മന്ത്രി നിർദേശം നൽകി.
വ്യാപാരികളുടെയും കർഷകരുടെയും വായ്പകൾക്ക് ആറുമാസത്തെ മോറട്ടോറിയം അനുവദിക്കണമെന്ന് ആന്റോ ആന്റണി എം.പിയും, വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയും ആവശ്യപ്പെട്ടു.
