കനത്ത കാറ്റും മഴയും; വൈദ്യുതി ലൈൻ പൊട്ടി,എറണാകുളം ഭാഗത്തേക്ക് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ കളമശേരിക്കും അമ്പാട്ടുകാവിനും ഇടയിൽ റെയിൽവെ ട്രാക്കിൽ ആൽമരം ഒടിഞ്ഞു വീഴുകയും,റെയിവെ ട്രാക്കിൽ വൈദ്യുതി ലൈൻ പൊട്ടി വീണും ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഇതേ തുടർന്ന് പല ട്രെയിനുകളും അങ്കമാലി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകൾക്ക് കടന്നു പോകാൻ സാധിക്കില്ലെന്നാണ് വിവരം. രാത്രിയിൽ പണികൾ പൂർത്തിയാക്കാൻ സാധ്യതയില്ല എന്ന റെയിൽവേ അറിയിച്ചു.
കോഴിക്കോടും കനത്ത കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു. ഫറോക്ക് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അരീക്കാട് മേഖലയിലാണ് സംഭവം.മൂന്നുമരങ്ങളാണ് ശക്തമായ കാറ്റിൽ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേൽക്കൂരയായി പാകിയ ഷീറ്റും കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നിലവിൽ ഇവിടെ ഒരു ട്രാക്കിലൂടെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. തിരുവനന്തപുരം -മംഗലാപുരം എക്‌സ്പ്രസ് കടത്തിവിട്ടു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.