ഡോക്ടർമാരെ തല്ലണമെന്ന് പറയുന്നവർ ശ്രദ്ധിക്കാൻ; ഒരു ഡോക്ടറുടെ അനുഭവകുറിപ്പ്

  1. Home
  2. Kerala

ഡോക്ടർമാരെ തല്ലണമെന്ന് പറയുന്നവർ ശ്രദ്ധിക്കാൻ; ഒരു ഡോക്ടറുടെ അനുഭവകുറിപ്പ്

doctor


രോഗികളും കൂട്ടിരിപ്പികാരും ഡോക്ടർമാരെ തല്ലുന്നതിനോട് യോജിപ്പില്ലെങ്കിലും ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന് കഴിഞ്ഞദിവസം  കെ ബി ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞത് വിവാദത്തിൽ. ഗണേഷ് കുമാറിന്റെ വിവാദ പ്രതികരണത്തിൽ സ്വന്തം ദുരിതാനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ  തുറന്നു പറഞ്ഞ് ഡോക്ടർ ജിനേഷ് പി.എസ്.

 ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എനിക്കും മർദ്ദനമേറ്റിട്ടുണ്ട്. ആരും തന്നെ കൂടെ നിന്നില്ല എന്നു പറയാം. ആലോചിക്കുമ്പോൾ ഇപ്പോഴും വ്യസനമുണ്ട്.

കൃത്യമായി പറഞ്ഞാൽ 12 വർഷങ്ങൾക്ക് മുൻപാണ്, അന്ന് അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യാനായി സുഹൃത്തുക്കളായ Bibyraj, Joby എന്നിവരോടൊപ്പം കൊച്ചി സഹകരണ മെഡിക്കൽ കോളേജിൽ ജോലിക്കു ചേർന്നു. വലിയ തിരക്കുപറയാനില്ല, ദിവസം 50 രോഗികൾ. പല വിഭാഗങ്ങളും ഇല്ലാത്തതിനാൽ കുറേ രോഗികളെ റഫർ ചെയ്യേണ്ടിയും വരും. ഞങ്ങൾ ഓരോരുത്തരും മാറി മാറി മാസം 21 ദിവസം ഡ്യൂട്ടി എടുക്കും.

ന്യൂറോ സർജറി വിഭാഗത്തിൽ മറ്റൊരു സ്വകാര്യ ആശിപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറാണുള്ളത്. പലപ്പോഴും ആളെ ഫോണിൽ കിട്ടാൻ പാടാണ്. ആ സമയത്താണ് പുതിയ ഒരു നിയമാവലി ഇറങ്ങിയത്, ഏതു വിഭാഗത്തിൽ ചികിത്സ ലഭിക്കേണ്ടുന്ന രോഗിയെയാണോ റഫർ ചെയ്യേണ്ടത്, അതിനുമുൻപ്‌ അതേ വിഭാഗത്തിലെ ഡോക്ടറെ അത്യാഹിത വിഭാഗത്തിൽ വിളിച്ചു കാണിക്കണം, CT ആവശ്യമുള്ളവരാണെങ്കിൽ അതെടുത്തിട്ടേ റഫർ ചെയ്യാവൂ, അഡ്‌മിറ്റ് ആക്കുന്നതിനു മുൻപ് അതേ വിഭാഗത്തിലെ ഡോക്ടറെ കാണിക്കണം എന്നിവയാണ് ആ നിയമങ്ങൾ.

ന്യൂറോ സർജൻ ഇല്ലാത്ത ഒരു ദിവസം ഒരു രോഗിയെ CT എടുക്കാതെ റഫർ ചെയ്ത അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ ഉയർന്ന അധികാരികൾ വിമർശിച്ചിരുന്നു. രോഗിക്ക് ബോധം ഇല്ലായിരുന്നു, ശർദ്ധിച്ചിരുന്നു, ചെവിയിൽ നിന്നും രക്തം ഒഴുകുന്നുമുണ്ടായിരുന്നു. റഫർ ചെയ്തതുകൊണ്ട് ആ ആൾ ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ടാകും എന്ന് കരുതാം. കാത്തിരുന്നാൽ ചിലപ്പോൾ അപകടമായേനെ.

ഈ സംഭവത്തിനു ശേഷം ജോലിക്കു ചെല്ലുന്നതു ഞാനായിരുന്നു. അതൊരു അവധി ദിവസമായിരുന്നു. ബഹുഭൂരിപക്ഷം ഡിപ്പാർട്ട്മെൻറുകളിലും ഡോക്ടർമാർ ഇല്ല. ഉച്ചക്ക് ശേഷം 70 വയസുള്ള ഒരു വലിയമ്മ വന്നു, വയറുവേദന ആയിരുന്നു പ്രശ്‌നം. ഒരാഴ്ച മുൻപ് കിടന്നിട്ടു പോയതാണ്. അഡ്‌മിറ്റ് ആകണം, സർജറി ഡോക്ടറെ കാണണം. വന്നപ്പോൾ തന്നെ പ്രഷറും പൾസ് നിരക്കും കുറവായിരുന്നു. IV ലൈൻ ആരംഭിച്ചു. ഉടനെ സർജറി ഡോക്ടറെ വിളിച്ചു. ഉടനെ വരാം എന്നു മറുപടിയും ലഭിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു, പഴയ മറുപടി തന്നെ ലഭിച്ചു. രോഗിയുടെ അവസ്ഥ മോശമാകുന്നു എന്നു കണ്ട ഞാൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞു. കൂടെ വന്നവർ തയ്യാറാവുന്നില്ല. അവർക്ക് ഇവിടെ തന്നെ അഡ്മിറ്റ് ആകണം.

വീണ്ടും സർജനെ വിളിച്ചു, പഴയ മറുപടി. ആൾ ICU വിലാണ്, താമസിക്കില്ല എന്നു പറഞ്ഞു.

കൂടെ ഉണ്ടായിരുന്ന HS പറഞ്ഞു... "ആൾ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും വിരമിച്ച 65 വയസ്സുള്ള ഒരു ലേഡിയാണ്, വരാൻ സാധ്യത ഇല്ല."

കൂടെയുള്ളവരോട് വീണ്ടും സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞു. ഇനിയും നിങ്ങൾ താമസിച്ചാൽ ശരിയാവില്ല എന്ന് പറഞ്ഞു. അവർ മാറ്റാൻ തയ്യാറാവുന്നില്ല. അവർ വീണ്ടും ആലോചനയിലാണ്.

അപ്പോളാണ് രോഗിയുടെ മകൻ വരുന്നത്, ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു, എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാം. ഏകദേശം ആറുമണിയായിക്കാണും ആംബുലൻസ് എത്തി. രോഗിയുടെ അവസ്ഥ വീണ്ടും മോശമായി, ഒന്നു ശർദ്ദിച്ചു. പൾസ് കിട്ടുന്നില്ല, BP യും ശ്വാസ നിരക്കും അളക്കാൻ കിട്ടുന്നില്ല. അത്യാഹിത വിഭാഗത്തിലേക്ക് വീണ്ടും കയറ്റി ഇന്റുബേറ്റ് ചെയ്തു. ഡോപ്പാമിൻ ആരംഭിച്ചു. ICU വിലേക്ക് മാറ്റാൻ സർജൻ സമ്മതിക്കുന്നില്ല. റഫർ ചെയ്യാൻ ഫോണിലൂടെ പറഞ്ഞു. അന്ന് ആശുപത്രിയിൽ ആ ഒരു സർജൻ അല്ലാതെ മറ്റ് സർജന്മാർ ആരുമില്ല.

ഒരു വട്ടം കൂടി മകനോട് പറഞ്ഞു, ആ സമയം തന്നെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ആദ്യം കൊണ്ടുപോകാൻ വിസമ്മതിച്ച ബന്ധുവാണ് ആദ്യം മർദ്ദിച്ചത്. പിന്നെ അത് അഞ്ചാറു പേർ കൂടിയുള്ള മർദ്ദനമായി മാറി. വേണമെങ്കിൽ ഒന്നോ രണ്ടോ പേരെ എനിക്ക് തിരിച്ചു തല്ലാം. അതിനുള്ള ആരോഗ്യം എനിക്കുണ്ട്. ചെയ്തില്ല. അല്ലെങ്കിൽ ഓടാം, പക്ഷേ ആത്മാഭിമാനം സമ്മതിച്ചില്ല. ഏതാനും മിനിറ്റുകൾ നിന്ന് തല്ലുകൊണ്ടു. അന്നുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ചേട്ടനും HS ഡോക്ടറും ചേർന്നു ആളെ പിടിച്ചുമാറ്റി. ആ ഹൗസ് സർജൻ സെക്യൂരിറ്റിയെ വിളിച്ചു കൊണ്ടുവന്നതാണ്. ഞാൻ അന്നേ വരെ കേൾക്കാത്ത പല വാക്കുകളും ആ സമയം കേട്ടു.

എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. HS ആണ് പിന്നീടുള്ള രണ്ടു മണിക്കൂർ അത്യാഹിത വിഭാഗം നോക്കിയത്. MLC ഒരെണ്ണം വന്നു, ഞാൻ പോയി കണ്ടു. എഴുതി ഒപ്പിട്ട പോലീസ് ഇന്റിമേഷനിൽ രണ്ടു വെള്ളത്തുള്ളികൾ വീണിരുന്നു.

സംഭവങ്ങൾ ചുരുക്കി വിവരിച്ചതാണ് മുകളിൽ. വിസ്തരഭയത്താൽ പലതവണ സംസാരിച്ച പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

അടുത്ത ദിവസം തന്നെ ഡീൻ ആയിരുന്ന PGR പിള്ളയെ കണ്ടു. വിവരങ്ങൾ വിശദീകരിച്ചു കത്തും നൽകി. അടുത്ത ആഴ്ച എല്ലാവരും ചേർന്ന് വരൂ എന്നായിരുന്നു മറുപടി. എൻറെ പരാതിയിൽ നിയമനടപടി ആരംഭിക്കും എന്നായിരുന്നു ഞാൻ കരുതിയത്.

ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു ചെന്നു. ഭക്ഷണം കഴിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി. ആളുടെ നിസ്സഹായാവസ്ഥ വിവരിച്ചു, കുറച്ചു നാൾ കൂടി തുടരണം എന്നാവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞാൽ സാഹചര്യങ്ങൾ മെച്ചപ്പെടും എന്നും പറഞ്ഞു. മർദനം ഏൽക്കുന്നതിനെ നിസ്സാരവൽക്കരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഹെൽത്ത് പ്രൊഫഷണൽ ഇങ്ങനെയുള്ള കാര്യത്തിൽ ഒന്നും പരാതി കൊടുക്കരുത് എന്നായിരുന്നു പുള്ളിയുടെ അഭിപ്രായം.

എന്തായാലും തുടരാൻ ഞങ്ങൾക്കാവില്ലായിരുന്നു, കാരണം ഒരു പിന്തുണയും അധികാരികൾ തന്നില്ല. വിഷമത്തോടെയെങ്കിലും ആ ജോലി ഞങ്ങൾ മൂന്നുപേരും വേണ്ടെന്നു വെച്ചു. എന്തോ, ഒരു മാസം കഴിഞ്ഞപ്പോൾ PGR പിള്ളയെയും അവിടെനിന്നും പിരിച്ചുവിട്ടു.

സ്വന്തം ജോലി നിലനിർത്താൻ പറ്റാത്ത ആളോടാണ് നമ്മൾ ആശുപത്രിയിലെ കെടുകാര്യസ്ഥത ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടത്. കക്ഷി പിന്നെ അടുത്ത സർക്കാർ അധികാരത്തിൽ വന്നപ്പോൾ കോഴിക്കൂടുകൾ കൺവേർട്ട് ചെയ്ത് മെഡിക്കൽ കോളേജ് ആക്കുന്നതിന്റെ പ്രൊജക്ട് ഓഫീസർ ആയി.

പോലീസ് സ്റ്റേഷനിൽ പരാതി നൽകണോ എന്ന് ആലോചിച്ചു. അന്ന് കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം ഒന്നും നിലവിൽ വന്നിട്ടില്ല. കൂടെ ജോലി ചെയ്യുന്ന ഒന്നോ രണ്ടോ പേർ അല്ലാതെ മറ്റാർക്കും ഞങ്ങൾക്ക് അടി കിട്ടിയത് ഒരു കാര്യമായി പോലും കരുതിയില്ല. ചിലപ്പോൾ കാഷ്വാലിറ്റിയിൽ താൽക്കാലികമായി ജോലി ചെയ്യാൻ വന്ന എനിക്ക് അടി കിട്ടിയത് അവർക്ക് ഒരു തമാശയായി തോന്നിയിരിക്കാം.

ആ സർജൻ കാരണമാണ് എനിക്ക് അടി കിട്ടിയത് എന്ന് എനിക്കറിയാം. എനിക്ക് ആ സർജനോട് ഇന്നും ദേഷ്യം ഉണ്ട്. ഞാൻ പലതവണ ചെയ്യേണ്ട കാര്യം പറഞ്ഞിട്ടും അത് കേൾക്കാതിരുന്ന രോഗിയുടെ കൂടെ വന്നവരോടും എനിക്ക് ഇന്നും ദേഷ്യം ഉണ്ട്. പക്ഷേ ഇവരെ ആരെയും തല്ലണമെന്ന് എനിക്ക് ആഗ്രഹമില്ല. കാരണം ഞാൻ ജീവിക്കുന്നത് ഭരണഘടനയുള്ള ഒരു രാജ്യത്താണ് എന്ന് എനിക്കറിയാം.

ഡോക്ടർമാർക്കിടയിൽ തനി വൃത്തികെട്ടവർ ഉണ്ട് എന്ന് എനിക്കും അറിയാം. എല്ലാ മേഖലയിലും പോലെ തന്നെ ഈ മേഖലയിലും ഉണ്ട് തനി വൃത്തികെട്ടവർ. പക്ഷേ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ ഈ വൃത്തികെട്ടവർ എന്ന് പറയുന്നവർക്ക് അല്ല തല്ലി ലഭിക്കുന്നത്. നിങ്ങൾ ഒന്ന് പരിശോധിച്ചു നോക്കിയാൽ ബഹുഭൂരിപക്ഷം തല്ലുകളും വാങ്ങുന്നത് ജൂനിയർ ഡോക്ടർമാർക്കാണ് എന്ന് കാണാം. മെഡിക്കൽ കോളജുകളിൽ ആണെങ്കിൽ 24 മണിക്കൂറും അത്യാഹിത - തീവ്രപരിചരണ വിഭാഗങ്ങളെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വർക്ക് ഫോഴ്സ് എന്ന് മാത്രം സീനിയർ ഡോക്ടർമാർ അടക്കമുള്ളവർ കരുതുന്ന പിജി - ഹൗസ് സർജൻസ് ഡോക്ടർമാർ. കേരളത്തിലെ പ്രധാനപ്പെട്ട 5 സർക്കാർ മെഡിക്കൽ കോളജുകളിലായി ഇതുവരെ എത്ര ജൂനിയർ ഡോക്ടർമാർക്ക് തല്ലുകിട്ടിയിട്ടുണ്ട് എന്നറിയാമോ?

കത്തിക്ക് കുത്തേറ്റവർ വരെ ഉണ്ട്. പക്ഷേ ഇതുവരെ ആരെയും ശിക്ഷിച്ചതായി അറിയില്ല. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വന്ന യുവ ഡോക്ടർമാർ ഉണ്ട്. കാരണം അമ്മാതിരി പിന്തുണയാണ് ജനപ്രതിനിധികൾ വരെ നൽകുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ അടിയേറ്റ് അഡ്മിറ്റ് ആയ സർജറി വിഭാഗത്തിലെ ജൂനിയർ ഡോക്ടർ നൽകിയ പരാതി പിൻവലിക്കാൻ അന്ന് പിജി അസോസിയേഷൻ ഭാരവാഹിയായിരുന്ന എന്നെ കോൺടാക്ട് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാളാണ്. അന്ന് ഉമ്മൻചാണ്ടിയാണ് മുഖ്യമന്ത്രി. ഞങ്ങൾ പരാതി പിൻവലിച്ചില്ല. പകരം ജോലി മുടക്കാതെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മിക്കവാറും കേരളത്തിൽ ആദ്യമായി അല്ലെങ്കിൽ രണ്ടാമത് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഒരു കേസ് എടുത്തത് അന്നാണ്. അതും നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം. പത്രവാർത്തകൾ ഇപ്പോഴും ചിലപ്പോൾ കാണാം.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആക്രമിച്ചവർക്കെതിരെയുള്ള പരാതി പിൻവലിക്കണം എന്ന് പറഞ്ഞത് അവിടുത്തെ ഒരു ജനപ്രതിനിധിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ അടികിട്ടിയ ഡോക്ടർ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ ഡോക്ടറുടെ വീട് ആക്രമിക്കും എന്ന് പറഞ്ഞത് അന്നത്തെ ഒരു ജനപ്രതിനിധിയാണ്. ഭയന്ന ആ ലേഡി ഡോക്ടർ പരാതി പിൻവലിച്ചു. പേരൊന്നും പറയുന്നില്ല. കാരണം സമാധാനമായിട്ട് ജീവിക്കണം.

രജിസ്ട്രേഷൻ കിട്ടി ഇന്നുവരെ ഞാൻ ഒരു രൂപയുടെ കൈക്കൂലി ഒരാളിൽ നിന്ന് വാങ്ങിയിട്ടില്ല. എന്നെ കാണാൻ വന്ന രോഗികളെയോ കൂടെ വരുന്നവരെയോ ഇരുത്തി മാത്രമേ ഞാൻ സംസാരിച്ചിട്ടുള്ളൂ. ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ പിജി ചെയ്യുമ്പോൾ എന്നെ കാണാൻ വന്ന പോലീസ് ഉദ്യോഗസ്ഥരോട് ഇരിക്കാൻ പറഞ്ഞശേഷം അവർ ഇരുന്നശേഷം മാത്രമേ ഞാൻ സംസാരിച്ചിട്ടുള്ളൂ. അങ്ങനെ പോലീസ് ഉദ്യോഗസ്ഥരെ ക്ഷണിച്ചുവരുത്തി ഇരുത്തരുത് എന്ന് എന്നെ ഉപദേശിച്ച അധ്യാപകൻ ഉണ്ട്. അവരും മനുഷ്യരാണ് നിങ്ങൾ ഇരുത്തി സംസാരിക്കുന്നത് തന്നെയാണ് ശരി എന്നു പറഞ്ഞ അധ്യാപകനും ഉണ്ട്. എന്നെ കാണാൻ വന്ന ഒരാളോട് പോലും ഞാൻ ദേഷ്യപ്പെട്ടിട്ടില്ല. ഒരാളോട് പോലും ഞാൻ അപമര്യാദയായി പെരുമാറിയിട്ടില്ല

കുമരകം, ഇടയാഴം എന്നീ സ്ഥലങ്ങളിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഒരു മണിക്കൂറിൽ ഒരു 12 മുതൽ 15 രോഗികളെ വരെ നോക്കും. പരമാവധി 20 അതിനപ്പുറം പോകില്ല. കുറച്ചുകൂടി പെട്ടെന്ന് നോക്കിക്കൂടെ എന്ന് ചോദിച്ചവർ ഉണ്ട്. രോഗികളും ഉണ്ട്, ഡോക്ടർമാരും ഉണ്ട്. ക്യൂ നിൽക്കുന്ന രോഗികൾക്ക് പെട്ടെന്ന് പോകണം, അതുകൊണ്ടാണ് അവർ ചോദിക്കുന്നത്. ഞാൻ പതുക്കെ ആയാൽ മറ്റു ഡോക്ടർമാർക്ക് കൂടുതൽ ജോലിഭാരം വരും, അവരെയും കുറ്റം പറയാൻ പറ്റില്ല. പക്ഷേ ഒരാളുപോലും എന്നോട് സ്പീഡിലേ നോക്കാവൂ എന്ന് പറഞ്ഞിട്ടില്ല. കുറച്ചുകൂടി വേഗത കൂട്ടിയാൽ നന്നായിരിക്കും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.

ആശുപത്രിയിൽ ഉള്ള മരുന്നുകൾ മാത്രമേ പരമാവധി എഴുതിയിട്ടുള്ളൂ. അതും ക്യാപ്പിറ്റൽ ലെറ്ററിൽ ജനറിക് പേര് മാത്രം. മെഡിക്കൽ സ്റ്റോറിൽ പോകേണ്ടി വന്നാൽ പോലും ജനറിക് പേര് അല്ലാതെ ഒരു ബ്രാൻഡ് പേര് ഞാൻ എഴുതിയിട്ടില്ല. സംശയമുണ്ടെങ്കിൽ ഞാൻ ജോലി ചെയ്ത സ്ഥലത്ത് അന്വേഷിക്കാം. 2017 - 18 - 19 കാലത്ത് കുമരകം ഇടയാഴം എന്നീ സർക്കാർ ആശുപത്രികളിൽ.

ഇതുവരെ പ്രൈവറ്റ് പ്രാക്ടീസ് ചെയ്തിട്ടില്ല. പക്ഷേ സുഹൃത്തുക്കളും അപൂർവമായി പരിചയമില്ലാത്തവരും ചികിത്സയ്ക്ക് വേണ്ടി കാണാൻ വന്നിട്ടുണ്ട്. ഞാൻ താമസിക്കുന്ന വീട്ടിൽ വച്ചുള്ള ചികിത്സ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. കാരണം എനിക്ക് പേഴ്സണൽ ലൈഫ് വലുതാണ്. എന്നെ കാണാൻ വന്ന ആരോടും ഞാൻ ഫീസ് വാങ്ങിയിട്ടില്ല.

ഹാർട്ടറ്റാക്ക് വന്ന രോഗിയെ ആംബുലൻസ് കേടായ ഹർത്താൽ ദിവസം എൻറെ കാറിൽ ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം. ഇത് ഒന്നിലധികം തവണ ചെയ്തിട്ടുണ്ട്.

രാവിലെ എട്ടരയ്ക്ക് എത്തിയിട്ട് വൈകുന്നേരം നാലര വരെ പച്ചവെള്ളം മാത്രം കുടിച്ച് ഓ പിയിൽ ഇരുന്നു രോഗികളെ നോക്കിയിട്ടുണ്ട്. ഞാനും കുറച്ച് ഹൗസ് സർജൻ ഡോക്ടർമാരും മാത്രമാണ് അന്ന് കുമരകത്ത് ഉണ്ടായിരുന്നത്. അവിടെ സ്ഥിര ജോലിയിൽ ഉള്ള ഏഴു ഡോക്ടർമാർ സമരത്തിൽ ആയിരുന്നു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അവരുടെ സമരം.

വണ്ടി ആക്സിഡൻറ് ആയ ഒരു രോഗിയെ പോലീസ് ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ട്. കൂടെ ആരുമില്ല, ആളെ തിരിച്ചറിയാനുള്ള ഒന്നുമില്ല. ഹെഡ് ഇഞ്ചുറി ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തിക്കണം. ആ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞിട്ട്, "ഞങ്ങൾക്ക് വേറെ പണിയുണ്ട് ഡോക്ടറെ" എന്നായിരുന്നു മറുപടി. അങ്ങനെയുള്ളവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.

ഇതൊക്കെ പറയുന്നത് അല്പത്തരം ആണ് എന്നറിയാം. കാരണം ഇതൊന്നും പറയേണ്ട കാര്യമില്ല. സാധാരണ മനുഷ്യർ ഇതിനേക്കാൾ വലിയ 100 കൂട്ടം ഉപകാരങ്ങൾ ചെയ്യുന്നവരാണ്. പക്ഷേ മനസ്സ് മടുക്കുമ്പോൾ കുറിച്ചു പോകുന്നതാണ്.

ഡോക്ടർമാരെ ആക്രമിക്കുന്ന വിഷയം പറഞ്ഞപ്പോൾ നിങ്ങൾ മറ്റാരെങ്കിലും ആക്രമിച്ച വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾ പലപ്പോഴും വരും. സാധിക്കുമ്പോൾ ഒക്കെ എഴുതിയിട്ടുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ. അത് മാത്രമല്ല ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന എല്ലാ സന്ദർഭങ്ങളിലും ഞാൻ പോസ്റ്റ് എഴുതിയിട്ടും ഇല്ല.

മറ്റൊരു ചോദ്യമാണ് ക്രൈം ചെയ്യുന്ന ഡോക്ടർമാർക്ക് എതിരെ നിങ്ങൾ എഴുതിയിട്ടുണ്ടോ എന്നത്. ഡോക്ടർമാരുടെ അനാസ്ഥകൾക്കെതിരെ പലതവണ ഇവിടെ എഴുതിയിട്ടുണ്ട്. എൻറെ പോസ്റ്റുകൾ വായിക്കുന്നവർക്ക് അറിയാമായിരിക്കും. ഇനിയിപ്പോൾ അങ്ങനെ ഒന്നും എഴുതിയിട്ടില്ലെങ്കിൽ പോലും എനിക്ക് ഇത് പറയാനുള്ള അവകാശമുണ്ട്. സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാത്തവർ പിന്നീട് സമരം ചെയ്യരുത് എന്ന് പറയുന്നതുപോലെയുള്ള വാദങ്ങളൊക്കെ അപഹാസ്യമാണ്.

വൃത്തികേട് കാണിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുത്താൽ നിങ്ങളും സംഘടനകളും സമരം ചെയ്യില്ലേ എന്നാണ് പലരും ചോദിക്കുന്നത്. കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുത്താൽ ആരും സമരം ചെയ്യില്ല, ഒന്നും പറയില്ല. കഴിഞ്ഞ ഒരു വർഷം മാത്രം കൈക്കൂലി കേസിൽ അഞ്ചാറ് ഡോക്ടർമാരെ എങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനും അവർക്ക് സമരം ചെയ്യാൻ വന്നിട്ടില്ല. മെഡിക്കൽ നെഗ്ലിജൻസ് കേസിൽ ശിക്ഷിക്കപ്പെട്ട ഡോക്ടർമാർ കേരളത്തിലുണ്ട്. അവർക്ക് വേണ്ടിയും സമരം ചെയ്യാൻ ഒരു സംഘടനകളും വന്നിട്ടില്ല. ഇനി വരികയും ഇല്ല.

നേഴ്സുമാരോടും രോഗികളോടും പുച്ഛവും ദേഷ്യവും പ്രകടിപ്പിക്കുന്ന ഡോക്ടർമാർ ഇല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. തീർച്ചയായും ഉണ്ട്. ജൂനിയർ ഡോക്ടർ ആയ എന്നോട് പോലും വളരെയധികം മോശമായ രീതിയിൽ പെരുമാറിയ സീനിയർ ഡോക്ടർ ഉണ്ട്. അവരൊക്കെ മനുഷ്യരോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് അറിയാം. ചെങ്കോലും കിരീടവും വെച്ച അധികാരികളാണ് തങ്ങൾ എന്ന മിഥ്യാ ബോധമുള്ള ചുരുക്കം ചില ഡോക്ടർമാർ ഉണ്ട് എന്നത് സത്യമാണ്. അവർക്ക് മനുഷ്യരോട് പെരുമാറാനുള്ള ട്രെയിനിങ് ആണ് കൊടുക്കേണ്ടത്. മോശമായ പെരുമാറ്റം ആവർത്തിച്ചാൽ സർക്കാർ ആശുപത്രിയിൽ ആണെങ്കിൽ പിരിച്ചുവിടണം.

രോഗികളുടെ ബുദ്ധിമുട്ട് എനിക്കും അറിയാം. എൻറെ അച്ഛനും അമ്മയും വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരാണ്. ഒരു കടയുടെ പിന്നിലെ പുകയടിക്കുന്ന ഒറ്റ മുറിയിൽ ജനിച്ചു വളർന്ന മനുഷ്യനാണ് ഞാൻ. ആ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ ഉപയോഗിക്കുന്ന ബാത്റൂം ആണ് ഞങ്ങളും ഉപയോഗിച്ചിരുന്നത്. സ്കൂളിൽ പോകുമ്പോൾ ചില ദിവസമൊക്കെ ചിലരൊക്കെ അതിൽ മുറുക്കി തുപ്പിയും പുകവലിച്ചും ഒക്കെ ഇട്ടിരിക്കുന്നത് കൊണ്ട് ബാത്റൂമിൽ പോകാതെ സ്കൂളിൽ പോയിട്ടുണ്ട്. ആ ബാത്റൂം കഴുകി വൃത്തിയാക്കുന്നതും ആ ഹോട്ടലിലെ പാത്രം കഴുകുന്നതും ഒക്കെ എൻറെ അമ്മയും ഞാനും ഒക്കെ ചേർന്നായിരുന്നു. മനുഷ്യനായി തന്നെയാണ് ജനിച്ചത്. ഇപ്പോഴും മനുഷ്യനായി തന്നെയാണ് ജീവിക്കുന്നത്.

മെഡിക്കൽ പ്രൊഫഷൻ ആരംഭിക്കുമ്പോഴും ഇന്നും തൊഴിലാളിയാണ് എന്ന ബോധമുണ്ട്. ആശുപത്രി എൻറെ തൊഴിലിടം ആണ് എന്ന ബോധമുണ്ട്. എന്നെപ്പോലെ തന്നെ മാന്യരായ മനുഷ്യരും മാന്യമായ തൊഴിൽ ചെയ്യുന്നവരും ആണ്, അതായത് എന്നോട് എല്ലാ രീതിയിലും തുല്യരായ മനുഷ്യരാണ് എൻറെ മുന്നിൽ വരുന്ന രോഗികളും എന്നെ സമീപിക്കുന്നവരും എന്ന ധാരണയുണ്ട്.

എല്ലാ കേസുകളും പൂർണമായി ചികിത്സിച്ച് ഭേദമാക്കാനുള്ള കഴിവ് എനിക്ക് അല്ലെങ്കിൽ മറ്റാർക്കും ഇല്ല. പക്ഷേ സയൻസിന്റെ വളർച്ചയുടെയും സ്വന്തം അറിവിന്റെയും ലഭ്യമായ സൗകര്യങ്ങളുടെയും പരിമിതിക്ക് ഉള്ളിൽ നിന്നുകൊണ്ട് ശാസ്ത്രീയമായി ജോലി ചെയ്യണം. അതിൽ വീഴ്ച വരാൻ പാടില്ല, വീഴ്ച വരുത്താൻ പാടില്ല. സിസ്റ്റമിക് എറർ ധാരാളമുള്ള ഒരു സിസ്റ്റമാണ് ഇന്ത്യയിലേത്. പക്ഷേ ആ സിസ്റ്റത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ പരിഹരിക്കാനോ ശ്രമങ്ങൾ ഉണ്ടാകുന്നില്ല. പകരം മരണം ഉണ്ടാകുമ്പോൾ മുന്നിൽ കാണുന്നവരെ അടിക്കുകയാണ്.

ഡോക്ടർ എന്നാൽ ചികിത്സ എന്ന തൊഴിൽ ചെയ്യുന്ന തൊഴിലാളി മാത്രമാണ്, അതിനപ്പുറമുള്ള ഒന്നുമല്ല. ദൈവം എന്നു പറഞ്ഞ് മഹത്വവൽക്കരിക്കുന്നത് കോമാളിത്തരം ആണ്. തങ്ങൾ എന്തോ വലിയ സംഭവമാണ് എന്ന് ധരിക്കുന്ന ചില ഡോക്ടർമാർ ഉണ്ട് എന്ന് എനിക്കും അറിയാം. ഞാനടക്കുന്ന യുവതലമുറയിലെ ബഹുഭൂരിപക്ഷവും ആ കൂട്ടത്തിൽ പെടില്ല.

പക്ഷേ പറയുമ്പോൾ താപ്പാനകളായ, ലക്ഷങ്ങൾ സമ്പാദിക്കുന്ന ന്യൂനപക്ഷത്തെ വച്ച് ഭൂരിപക്ഷത്തെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുകയാണ്.

കുറ്റകൃത്യം ചെയ്യുന്ന ഡോക്ടർമാരെ ശിക്ഷിക്കണം. കൈക്കൂലി വാങ്ങുന്ന ഡോക്ടർമാരെ ശിക്ഷിക്കണം. വയറ്റിൽ കത്രിക വച്ചവരും കാലുമാറി ഓപ്പറേഷൻ ചെയ്യുന്നതുമായ ഡോക്ടർമാരെ ശിക്ഷിക്കണം. അതിനാണ് ഭരണഘടനയും നിയമസംവിധാനങ്ങളും.

അല്ല, തല്ലാണ് പ്രതിവിധി എങ്കിൽ എന്തിനാണ് എന്നെ തല്ലിയത് എന്ന് കൂടി പറയണം. എന്തിനാണ് 24 മണിക്കൂറും ജോലിചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ തല്ലുന്നത് എന്നുകൂടി പറയണം. ഹൗസ് സർജൻസ് - പിജി ഡോക്ടർമാർ കൈക്കൂലി വാങ്ങില്ല. ഒരുവശത്തുനിന്ന് അധ്യാപകരുടെ ഭീഷണിയും പ്രഷറും, മറുവശത്ത് നോക്കിയാൽ തീരാത്തത്ര രോഗികൾ. ഈ ഹൗസ് സർജൻ - പിജി ഡോക്ടർമാർക്ക് ഒന്നും പ്രൈവറ്റ് പ്രാക്ടീസ് ഇല്ല.

എൻറെ പോസ്റ്റുകളിൽ ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ് എന്ന് പറയുന്ന കമന്റുകൾ ധാരാളം വരുന്നുണ്ട്. ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ് എന്നാണ് അവർ പറയുന്നത്. ഇതുവരെ തല്ലുകൊണ്ടവരിൽ ആരായിരുന്നു കൊള്ളാൻ അർഹർ എന്ന് ആരും പറഞ്ഞിട്ടില്ല. കാരണമില്ലാതെ ഡോക്ടറെ അടിക്കില്ല എന്നാണ് പൊതുബോധം. ഇതേ ആൾക്കാർ തന്നെ ഒരു കാരണവുമില്ലാതെ ഡോക്ടർ രോഗിയെ കൊല്ലും എന്നും വിശ്വസിക്കുന്നുണ്ട്. രോഗിയെ കൊന്നാൽ പിന്നെ ഡോക്ടർ എന്തിനാണ്? സമൂഹത്തിലെ എല്ലാ ഡോക്ടർമാരും മോശമാണ് എന്ന് നിങ്ങളും പറയുന്നില്ല. മോശം ഡോക്ടർമാരുടെ പേരെടുത്ത് നിങ്ങൾ പറയൂ. ഡോക്ടർമാർ മോശമാണ് എന്ന് പറഞ്ഞാൽ പിന്നെ അവരുടെ അടുത്ത് രോഗികൾ ചെല്ലില്ല. രോഗം മാറിയ രോഗികളാണ് ഡോക്ടർമാരുടെ പരസ്യ പലകകൾ. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുമോ?

ഓരോ ദിവസവും നേരിടുന്ന വെർബൽ അബ്യൂസ് ഒട്ടും കുറവല്ല. പ്രത്യേകിച്ച് ഫീമെയിൽ ഡോക്ടർമാരും നേഴ്സുമാരും നേരിടുന്ന വെര്‍ബല്‍ അബ്യൂസ് മറ്റു തൊഴിലുകളുമായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല. സിസ്റ്റമിക് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം മുന്നിൽ കാണുന്നവരെ തെറിവിളിച്ച് പ്രശ്നം തീർക്കാൻ ശ്രമിക്കുകയാണ്.

ഇന്ന് തല്ലണം എന്ന് പറയുന്നവരാണ് നാളെ തല്ലുന്നത്. ഇന്ന് തല്ലുന്നവരാണ് നാളെ കൊല്ലാൻ പോകുന്നത്. ഈ രീതിയിലാണ് പോക്ക് എങ്കിൽ അധികം വൈകാതെ ആരോഗ്യ പ്രവർത്തകർ ആരെങ്കിലും കൊല്ലപ്പെടും. അപ്പോൾ നിങ്ങൾ ദയവായി ഭരണഘടനയും മനുഷ്യത്വവും പറഞ്ഞ് പോസ്റ്റ് ഇടരുത്.

ഇനിയും തല്ലണമെങ്കിൽ തല്ലൂ... കൊല്ലൂ...

മടുത്തു.